ഈരാറ്റുപേട്ട: ഈ മാസം 18 ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമോഫോബിയ വിരുദ്ധ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അമീൻ മമ്പാട് ജില്ലാ പ്രസിഡന്റ് മുബാറക്കിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഈരാറ്റുപേട്ടയെ ഇസ്ലാമോഫോബിയയുടെ കേന്ദ്രമായി ചിത്രീകരിക്കാൻ ഒരു വിഭാഗം ശക്തികൾ കൊണ്ടുപിടിച്ച ശ്രമംനടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമീൻ മമ്പാട് പറഞ്ഞു. ഇവിടത്തെ ചെറിയ പ്രശ്‌നങ്ങളെപോലും ഊതിവീർപ്പിച്ചും ഇല്ലാത്ത സംഭവങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിച്ചും ഈരാറ്റുപേട്ടയെ ഭീകരവൽക്കരിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് കരുത്ത് പകരുന്ന നടപടിയാണ് നിയമപാലകരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നതിനാണ് ഈരാറ്റുപേട്ടയിൽ ഇസ്ലാമോഫോബിയ വിരുദ്ധ സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളന കൺവീനർ ഹാഷിം ഈരാറ്റുപേട്ട, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
പ്രാദേശികം