വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

*സ്കൂളുകളിൽ കുട്ടികൾക്ക് വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും ക്ലാസുകൾ നൽകരുത്: ഉത്തരവിറങ്ങി

തിരുവനന്തപുരം:*സംസ്ഥാനത്തെ പല സ്കൂളുകളിലും വിവിധ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളും പരിശീലനങ്ങളും ക്ലാസുകളും നടത്തുകയും ഇതുവഴി വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.  ഇത്തരം പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയും തുടർന്ന് അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടർ അറിയിച്ചു.  സ്കൂളുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതു വിദ്യാഭ്യാസഡയറക്ടറോ സർക്കാരോ നിർദ്ദേശിക്കാത്ത ഒരു പ്രോഗ്രാമും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ സർക്കാരിൻ്റയോ മുൻകൂർ അനുമതി ഇല്ലാതെ സ്കൂളുകളിൽ നടത്താൻ അനുവദിക്കരുതെന്നും യാതൊരു കാരണവശാലും കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാൻ സ്വകാര്യ ഏജൻസികൾക്ക് സൗകര്യം ചെയ്യരുതെന്നും ഡിജിഇ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

കേരളം

*നിയമം കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ്‌; സ്വകാര്യ വാഹനം വാടകയ്‌ക്ക്‌ നൽകിയാൽ രജിസ്‌ട്രേഷൻ റദ്ദാക്കും

സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന്‌ ട്രാൻസ്‌പോർട്ട്‌ കമീഷണർ. ഉടമയുടെ കുടുംബാംഗങ്ങൾ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. അതുപോലെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ പ്രതിഫലംകൂടാതെ വാഹനം ഉപയോഗിക്കാൻ നൽകുന്നതിലും നടപടിയുണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടുനൽകുന്നതും വ്യക്തികളെ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിരമായി കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും മാധ്യമങ്ങൾ വഴിയോ, സോഷ്യൽ മീഡിയ വഴിയോ പരസ്യം നൽകി മറ്റുള്ളവരുടെ ഉപയോഗത്തിന് വാടകയ്ക്ക് നൽകുന്നതും കുറ്റകരമാണ്‌. എട്ട്‌ സീറ്റിൽ കൂടുതൽ ഘടിപ്പിച്ച വാഹനങ്ങൾ, വാഹന ഉടമയുടെയും കുടുംബാംഗങ്ങളുടെയും മാത്രം ഉപയോഗത്തിന് വേണ്ടിയുള്ളതാണ് എന്ന് സത്യവാങ്മൂലം നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത്‌ നൽകുന്നത്. ഇത്തരം വാഹനങ്ങൾ മറ്റുള്ളവരുടെ ഉപയോഗത്തിന് വിട്ടു നൽകുന്നത് നിയമവിരുദ്ധമാണ്. മോട്ടോർ വാഹന നിയമപ്രകാരം റെന്റ് എ ക്യാബ് എന്ന പേരിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ അനുമതിയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിനായി ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ, അമ്പതിൽ കുറയാത്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള വാഹനങ്ങളും (മോട്ടോർ ക്യാബ്‌) മറ്റ് അനുബന്ധ സൗകര്യങ്ങളും ആവശ്യമാണ്. മോട്ടോർസൈക്കിളുകൾ വാടകയ്ക്ക് നൽകുന്നതിനായി റെന്റ് എ മോട്ടോർസൈക്കിൾ എന്ന സ്കീം പ്രകാരമുള്ള ലൈസൻസും വേണം . റെന്റ് എ മോട്ടോർസൈക്കിൾ സ്കീമിൽ ലൈസൻസിന് അപേക്ഷിക്കുന്നതിനായി ചുരുങ്ങിയത് അഞ്ച്‌ മോട്ടോർസൈക്കിൾ ട്രാൻസ്പോർട്ട് വാഹനമായി രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം വാഹനങ്ങളിൽ കറുത്ത പ്രതലത്തിൽ മഞ്ഞനിറത്തിലുള്ള അക്ഷരങ്ങളിലാണ് രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നത്. റെന്റ് എ ക്യാബ് സ്കീമിൽ ഉൾപ്പെട്ട ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പച്ച പ്രതലത്തിൽ കറുത്ത അക്ഷരത്തിലാണ്‌ പ്രദർശിപ്പിക്കുന്നത്.  

കേരളം

*ക്രിസ്‌മസിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ; തിങ്കൾ മുതൽ കിട്ടിത്തുടങ്ങും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.  

കേരളം

കൊച്ചിയിൽ മകൻ അമ്മയെ കുഴിച്ചു മൂടി

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്.അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.പ്രദീപ് മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറയുന്നു.

കേരളം

ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.  

കേരളം

ലുലുവിന്‍റെ ക്രിസ്തുമസ് സമ്മാനം 6000 രൂപ; ലിങ്കിൽ കണ്ണുമടച്ച് ക്ലിക്ക് ചെയ്യുന്നവർ ശ്രദ്ധിക്കൂ, വൻ തട്ടിപ്പ്

കൊച്ചി : ലുലു ഗ്രൂപ്പ് ക്രിസ്തുമസ് സമ്മാനമായി ആറായിരം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്‍റെയും പിന്നാലെ പോകുന്നവര്‍ ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കേരള പൊലീസ് മുന്നറിപ്പ് നൽകി. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്​സ് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നും കൊച്ചി പൊലീസ് അറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. http://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.  

കേരളം

പാതയോരങ്ങളിലെ പരസ്യബോർഡ്‌ നീക്കാനുള്ള ; സമയപരിധി ഇന്ന്‌ അവസാനിക്കും

തിരുവനന്തപുരം:-സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യബോർഡുകൾ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക്‌ നൽകിയ സമയപരിധി ബുധനാഴ്‌ച അവസാനിക്കും. പോസ്റ്ററുകൾ, ഫ്ലക്സുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കണമെന്ന്‌ തദ്ദേശ വകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ നടപ്പാതകളിലും കൈവരികളിലും ട്രാഫിക് ഐലന്റുകളിലും റോഡുകളുടെ മധ്യഭാഗത്തുള്ള മീഡിയനുകളിലും വ്യക്തികളുടെയും പൊതു പ്രവർത്തകരുടെയും പേരുകൾ, ചിത്രങ്ങൾ, വ്യക്തിത്വം, പ്രസ്ഥാനം എന്നിവ വെളിപ്പെടുത്തുന്ന ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല. സർക്കാർ വകുപ്പുകളുടെയോ സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെയോ സ്വകാര്യ ഏജൻസികളുടെയോ മതസ്ഥാപനങ്ങളുടെയോ, മറ്റു സ്ഥാപനങ്ങളുടെയോ ബോർഡുകളും അരുത്‌. നിലവിൽ സ്ഥാപിച്ചിട്ടുള്ളവ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തരമായി നീക്കാൻ നടപടി സ്വീകരിക്കണമെന്ന്‌ സർക്കുലറിൽ നിർദേശിച്ചിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം സെക്രട്ടറിമാരിൽ നിന്നും ഒന്നിന് 5000- രൂപ നിരക്കിൽ കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും സർക്കുലറിൽ ഉണ്ട്‌.  

കേരളം

സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം. പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.  കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നത്.  പനയം പാടത്ത് വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.