വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

*നവരാത്രി ആഘോഷം; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 11ന് അവധി

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 11ന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വൈകിട്ടോടെ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക 11, 12 തീയ്യതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ നാഷണൽ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി അനുവദിച്ചു കൊണ്ട് തീരുമാനമെടുത്തത്

കേരളം

സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് സൈറണ്‍ മുഴങ്ങും

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള 91 മുന്നറിയിപ്പ് സൈറണുകളുടെ (കവചം - കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്‍റ് സിസ്റ്റം) പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ വൈകീട്ട് 5.45 വരെ നടക്കുന്നത്.പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനാണ് 'കവചം' എന്ന പേരില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈറണുകള്‍ സ്ഥാപിച്ച്‌ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. അവയില്‍ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൂടുതല്‍ സൈറണുകള്‍ സ്ഥാപിച്ചിട്ടുള്ളത്-10. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണമായതിനാല്‍ സൈറണുകള്‍ മുഴങ്ങുമ്ബോള്‍ ജനങ്ങള്‍ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

കേരളം

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു. 

കേരളം

എംപോക്സ് കേസുകൾ കൂടും; എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കണം,ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ എംപോക്സ്‌ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ ജില്ലകളിലും കൂടുതൽ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം നൽകി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗത്തിലാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്, വിദേശത്തുനിന്ന് യാത്ര ചെയ്തു വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗലക്ഷണം ഉള്ളവർ കൃത്യമായ ചികിത്സ തേടണമെന്നും മന്ത്രി വിശദമാക്കി.  അതേസമയം, യുഎഇയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇന്നലെ വൈകിട്ടോടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്.നേരത്തെ യുഎഇയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഇത് എംപോക്സിന്റെ പുതിയ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നും റിപ്പോർട്ടുണ്ട്

കേരളം

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ‍‍ഫോണും വാച്ചും പാത്രങ്ങളും; അവശേഷിക്കുന്നത് കണ്ണീർക്കാഴ്ചകൾ

ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാ​ഗ്, രണ്ട് ഫോണുകൾ, പാചകത്തിനുപയോ​ഗിക്കുന്ന കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങൾ, വാച്ച്, ചെരിപ്പുകൾ എന്നിവയാണ് കണ്ടെടുത്തത്.  മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയിൽ. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകന് വാങ്ങിക്കൊടുത്തിരുന്നത്. ഇന്ന് രാവിലെയാണ്  ഗംഗാവലി പുഴയില്‍ നിന്ന് ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാ​ഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുന്റെ ശരീരഭാ​ഗങ്ങളും ലോറിയും ​ഗം​ഗാവലി പുഴയിൽ നിന്നും കണ്ടെത്തിയത്.അര്‍ജുന്‍റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. 

കേരളം

ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ്  ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, കെഎസ്ആർടിസിയിൽ ശമ്പളം ഒന്നിനും അഞ്ചിനും ഇടയിൽ ഉറപ്പാക്കുന്ന സാഹചര്യം രണ്ട് – മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും. ഓണം ബോണസ്, അലവൻസ് എന്നിവ ഈ മാസം 30 ന് ശേഷം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒരുമാസം ശരാശരി 40 മുതൽ 48 വരെ അപകടങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു എന്നാൽ ഇപ്പോൾ ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാനായെന്നും ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസർ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.  

കേരളം

അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

ഷിരൂർ: ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്

കേരളം

ഇനി തോന്നുംപോലെ പണം വാങ്ങനാവില്ല, ആംബുലൻസ് നിരക്കിൽ തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ സി യു, വെന്‍റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്.  തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും. ട്രാവലർ ആംബുലൻസുകൾ എസി, ഓക്സിജൻ സൗകര്യമുള്ള സി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 40 രൂപയുമായിരിക്കും. ബി വിഭാഗത്തിലുള്ള നോൺ എ.സി ട്രാവലർ ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 30 രൂപയുമായിരിക്കും.  ഓമ്നി, ഈക്കോ, ബോലേറോ തുടങ്ങിയ ആർടിഒ അംഗീകരിച്ച എസിയുള്ള എ വിഭാഗത്തിലുള്ള ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപയും വെയ്റ്റിങ് ചാർജ് 200 രൂപയും കിലോമീറ്റർ നിരക്ക് 25 രൂപയുമായിരിക്കും. ഇതേ വിഭാഗത്തിലെ നോൺ എസി വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും കിലോമീറ്റർ നിരക്ക് 20 രൂപയുമായിരിക്കും. വെന്റിലേറ്റർ സി, ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകളിൽ ബി.പി.എൽ കാർഡുടമകൾക്ക് 20 ശതമാനം നിരക്ക് കുറവ് നൽകാമെന്ന് ആംബുലൻസ് ഉടമകൾ അറിയിച്ചിട്ടുണ്ട്. കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികൾ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവും നൽകാൻ തയാറായിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം വാങ്ങില്ല എന്ന് യോഗത്തിൽ ആംബുലൻസുടമകൾ ഗവൺമെന്റിനെ അറിയിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നൽകും.  ആംബുലൻസ് ഡ്രൈവർമാർക്ക് നേവി ബ്ലൂ ഷർട്ടും കറുത്ത പാന്റുമായിരിക്കും യൂണിഫോം. ഡ്രൈവിംഗിൽ കൂടുതൽ പ്രായോഗിക പരിശീലനമായിരിക്കും നൽകുക. ആംബുലൻസ് താരിഫുകൾ രോഗിയോടൊപ്പമുള്ളവർക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കും. ആംബുലൻസ് പരിഹാരത്തിന് നിലവിലുള്ള 9188961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്സ്ആപ്പ് നമ്പരുകളും നിലവിൽ വരും. ആംബുലൻസുകളിൽ ലോഗ് ബുക്കുകൾ സൂക്ഷിക്കുന്നത് കർശനമാക്കുന്നതിലൂടെ പരമാവധി ദുരുപയോഗം തടയാനാണ് ശ്രമിക്കുന്നത്. ഗതാഗത വകുപ്പ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആംബുലൻസ് ഉടമകളുമായും നടത്തിയ ചർച്ചയിൽ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.