വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

എംവിഡിയും പൊലീസും ഒരുമിച്ചിറങ്ങുന്നു, നാല് കാര്യങ്ങള്‍ തെറ്റിച്ചാല്‍ പിഴയും കര്‍ശന നടപടിയും

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ,റോഡ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ,പൊലീസ് എന്നിവരുടെ സംയുക്ത പരിശോധന രാത്രികാലങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും. അപകട സ്‌പോട്ടുകളില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തും. പല സ്ഥലത്തും റോഡുകള്‍ക്ക് വീതി കുറവുണ്ട്. റോഡുകളിലെ നിരീക്ഷണ ക്യാമറകള്‍ പൂർണമായും പ്രവർത്തനക്ഷമമാണോയെന്നും പരിശോധിക്കും. തകരാറിലായവ വളരെ വേഗത്തില്‍ ശരിയാക്കാൻ നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അപകട മേഖലയില്‍ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കും. ബോധവല്‍ക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകള്‍ സ്ഥാപിക്കാത്ത റോഡുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ ഐജി ട്രാഫിക്കിന് നിർദ്ദേശം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗത്തിലാണ് തീരുമാനം. സംസ്ഥാത്ത് അടുത്തിടെ വാഹന അപകടങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നത്. വാഹനാപകടങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നത് സംബന്ധിച്ച്‌ ഇന്ന് ചേരുന്ന ട്രാഫിക്ക്, പൊലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അതിവേഗത്തില്‍ പഠിച്ച്‌ നടപ്പാക്കാനുള്ള നടപടിയും സ്വീകരിക്കും. ബ്ളാക്ക് സ്‌പോട്ടുകളില്‍ പൊലീസ് സഹായത്തോടെ പരിശോധന നടത്തും.  

കേരളം

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയം നിരോധിക്കേണ്ട, രാഷ്ട്രീയക്കളികളാണ് നിരോധിക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പൊളിറ്റിക്‌സ് അല്ല, പൊളിട്രിക്‌സ് ആണ് നിരോധിക്കേണ്ടത്. ക്യാംപസിനുള്ളിലെ രാഷ്ട്രീയക്കളികള്‍ നിരോധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.മതത്തിന്റെ പേരില്‍ ചെയ്യുന്ന പ്രവൃത്തികളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി പറഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ ചെയ്യുന്നതിന് രാഷ്ട്രീയം നിരോധിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ നല്ല വശം മനസ്സിലാക്കണം. ക്യാംപസുകളില്‍ പൂര്‍ണമായി രാഷ്ട്രീയം ഇല്ലാതാക്കാനാവില്ല.  

കേരളം

പത്തനംതിട്ട കോന്നിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

പത്തനംതിട്ട: കോന്നിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികള്‍ അടക്കം നാല് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ കോന്നി മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോന്നി മുറിഞ്ഞകല്‍ പ്രദേശത്ത് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. അടുത്തിടെ വിവാഹിതരായ നിഖിലും അനുവും മലേഷ്യയില്‍ ടൂര്‍ പോയിരുന്നു. തിരികെയെത്തിയ ഇവരെ സ്വീകരിക്കാനാണ് നിഖിലിന്റെ പിതാവ് മത്തായി ഈപ്പനും അനുവിന്റെ പിതാവ് ബിജുവും പോയത്. തുടര്‍ന്ന് നാലുപേരും കൂടി തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. പൊളിഞ്ഞ കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അനു ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അപകടത്തില്‍ ബസിലുള്ളവര്‍ക്ക് നേരിയ പരിക്കേറ്റു. ഇരുവരുടെയും വിവാഹത്തില്‍ താന്‍ പങ്കെടുത്തിരുന്നതായും അപകടം വേദനാജനകമാണെന്നും കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മൃതദേഹങ്ങള്‍ കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ആശുപത്രിയിലുമാണ് ഉള്ളത്. മരിച്ച നിഖില്‍ കാനഡയിലാണ് ജോലി ചെയ്തിരുന്നത്.   

കേരളം

ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി. കരിമ്പ തുപ്പനാട് ജുമാ മസ്ജിദില്‍ ഒരൊറ്റ ഖബറിലാണ് നാല് പേരുടേയും മൃതദേഹങ്ങള്‍ അടക്കിയത്. ഒരൊറ്റ ഖബറിൽ നാല് അടിഖബറുകൾ ഒരുക്കിയാണ് കൂട്ടുകാരെ നാലുപേരെയും ഒരുമിച്ച് അടക്കിയത്. രാവിലെ ആറരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും നാലുപേരുടെയും മൃതദേഹം വീടുകളിൽ എത്തിച്ചു. ബന്ധുക്കൾ അന്തിമോപചാരം അർപ്പിച്ചതിന് ശേഷം നാലുപേരുടെയും മൃതദേഹങ്ങൾ കരിമ്പിനൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച കരിമ്പനല്‍ ഹാളിലേക്ക് പ്രിയപ്പെട്ട കുഞ്ഞുമക്കളെ അവസാനമായി ഒരു നോക്കുകാണാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര അടക്കമുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം അവരവരുടെ വീടുകളില്‍ എത്തിച്ചത്. ചെറുവള്ളിയില്‍ അടുത്തടുത്താണ് വിദ്യാര്‍ത്ഥിനികളുടെ വീട്. നാട്ടുകാരും വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളും ബന്ധുക്കളും അടക്കം നിരവധി പേരാണ് കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കുകാണാന്‍ വീടുകളിലേക്ക് എത്തിയത്. സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്താണ് നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ഇന്നലെ വൈകിട്ട് 3.45നായിരുന്നു സംഭവം. ഇര്‍ഫാന, നിദ, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേയ്ക്ക് നിയന്ത്രണംവിട്ടുവന്ന സിമന്റ് ലോറി മറിയുകയായിരുന്നു. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ഥിരം അപകടം നടക്കുന്ന ഇടമാണെന്ന് പരാതി ഉയര്‍ന്നിട്ടും നടപടിയില്ലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. പ്രശ്നത്തിന് പരിഹാരം കാണാമെന്ന പാലക്കാട് എഡിഎമ്മിന്റെ ഉറപ്പിനെ തുടര്‍ന്നായിരുന്നു നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്

കേരളം

കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്‌നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേൽ അറസ്റ്റിലായിട്ടുണ്ട്. മലയാളികളായ കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മലയാളികൾ ബെ ഗളൂരുവിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശേഷം മറ്റു നടപടികൾ തീരുമാനിക്കും.

കേരളം

പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ​ഗുരുതരാവസ്ഥയിലായിരുന്ന 4 വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. ലോറിക്കടിയിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സിമൻ്റ് ലോറി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞതിനെ തുടർന്ന് ലോറി ക്രയിൻ ഉപയോഗിച്ച് പൂർണമായും ഉയർത്തുകയായിരുന്നു.  മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും പെൺകുട്ടികളാണ്. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

കേരളം

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഗതാഗത നിയമങ്ങൾ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. ബീച്ച് റോഡിൽ പ്രമോഷൻ റീൽ ചിത്രീകരിക്കുന്നതിനിടയിൽ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന പോലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് 4 ആഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. കോഴിക്കോട് ബീച്ചിൽ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി 4 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു. ജനുവരി 30 ന് രാവിലെ 10.30 ന് കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.  

കേരളം

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം: റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷൻകടകള്‍ തുറന്നു പ്രവർത്തിക്കും.അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകള്‍ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്ബതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ചർച്ചയില്‍ KTPDS ആക്റ്റിലെ അപാകതകള്‍ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കി. ആക്ടില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം.സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകള്‍ക്കും നല്‍കണമെന്നും റേഷൻ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം റേഷൻ കടകള്‍ പ്രവർത്തിപ്പിക്കുന്നവക്കെതിരെ നടപടി വേണമെന്നും ചർച്ചയില്‍ ആവശ്യം ഉയർന്നു. വേതന പാക്കേജും ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പിന്നീട് ചർച്ച ചെയ്യും.