ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല;സ്ഥിരീകരിച്ച് സ്പോൺസര്‍
കൊച്ചി:അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ.അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ (AFA) അംഗോളയിൽ മാത്രം കളിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സ്പോൺസർമാർ ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി എഎഫ്എ ഭാരവാഹികൾ കേരളത്തിനെതിരെ കടുത്ത വിമർശനമുയർത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്നും, മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ സംസ്ഥാനം സജ്ജമല്ല എന്നുമാണ് അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 17-ന് കൊച്ചിയിൽ മത്സരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സന്ദർശനം റദ്ദാക്കിയതിലെ വീഴ്ചകൾ സംസ്ഥാന സർക്കാരിനെതിരെ എഎഫ്എ പരസ്യമായി വിമർശിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി. പ്രതിപക്ഷം വിഷയം രാഷ്ട്രീയ ആയുധമാക്കി മാറ്റി സർക്കാരിനെ വിമർശിച്ചു. നവംബറിലെ സന്ദർശനം മുടങ്ങിയെങ്കിലും, മാർച്ച് മാസത്തിൽ മെസ്സിയെ എത്തിക്കാൻ ശ്രമിക്കുമെന്ന് സ്പോൺസർ പറയുന്നുണ്ട്. എന്നാൽ, മാർച്ച് സന്ദർശനത്തോട് സർക്കാരിനും സ്പോൺസർമാർക്കും മുൻപ് വിയോജിപ്പുണ്ടായിരുന്നു. ഇതിന് മുൻപ് 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലാണ് മെസ്സി ഇന്ത്യൻ മണ്ണിൽ കളിച്ചത്.
