മലപ്പുറം:കൊച്ചിയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രൂക്ഷ വിമർശനവുമായി രംഗത്ത്. "ഓപ്പറേഷൻ സക്‌സസ്, പക്ഷെ രോഗി മരിച്ചു" എന്ന അവസ്ഥയാണിതെന്നും, വിദ്യാർത്ഥിനിയുടെ പഠനം മുടങ്ങിയത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന സർക്കാർ വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി "വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി.അതുകൊണ്ട് കാര്യമില്ലല്ലോ, വിദ്യാർത്ഥിയുടെ പഠനം മുടങ്ങിയില്ലേ?" എന്നും അദ്ദേഹം ചോദിച്ചു.
വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്കൂളിൽ ഉണ്ടായ പ്രശ്‌നം. നിയമം മാത്രം നോക്കിയാൽ പോര, എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാട് വേണം. ഛത്തീസ്‌ഗഢിലെ കാര്യം നമ്മൾ പറയുമ്പോൾ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണ്. ഇത് 'ഗിവ് ആൻഡ് ടേക്ക്' പോളിസിയിൽ പോകേണ്ട കാര്യമാണ്, അല്ലാതെ നിയമം നോക്കിയല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു
ശിരോവസ്ത്രത്തിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങിയത് അംഗീകരിക്കാൻ കഴിയില്ല. ഒരു മുഴം തുണി എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. കന്യാസ്ത്രീയുടെ ശിരോവസ്ത്രം പോലെ തന്നെയാണ് പെൺകുട്ടിയുടേതെന്നും ഇത്തരം വിവാദങ്ങൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടർന്ന് ക്ലാസിൽ പ്രവേശനം നിഷേധിക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനി സെന്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. മാനസികമായി ബുദ്ധിമുട്ടുള്ള കുട്ടി, സ്വന്തം ആവശ്യപ്രകാരമാണ് ടി.സി. വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചതെന്ന് പിതാവ് അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ അനുകൂല റിപ്പോർട്ടിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇടപെടലിനും ശേഷവും സ്കൂൾ അധികൃതർ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ഈ ദുരവസ്ഥ.









