ലോകം

പ്രതീക്ഷയേകി ഹമാസ്: വെടിനിർത്തൽ കരാർ അംഗീകരിച്ചു, ബന്ദികളെ വിട്ടയക്കും.

ജെറുസലേം: ഇസ്രയേൽ-ഗാസ യുദ്ധത്തിന് വിരാമമിടാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സമാധാന പദ്ധതിയിലെ ചില പ്രധാന ഉപാധികൾക്ക് ഹമാസ് ഭാഗികമായി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ബന്ദികളെ മുഴുവനായും മോചിപ്പിക്കാനും ഗാസയുടെ ഭരണം കൈമാറാനും സംഘടന സമ്മതിച്ചതോടെ, മാസങ്ങൾ നീണ്ട സംഘർഷത്തിൽ ഒരു നിർണ്ണായക വഴിത്തിരിവുണ്ടായി.

ട്രംപിന്റെ അന്ത്യശാസനം നിലനിൽക്കെയാണ് ഹമാസിന്റെ ഈ സുപ്രധാന നീക്കം. ഞായറാഴ്ച വൈകുന്നേരം ആറിന് മുമ്പ് കരാർ അംഗീകരിക്കണമെന്നും, അല്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള ട്രംപിൻ്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹമാസ് പ്രതികരണം അറിയിച്ചത്. മറ്റ് വിഷയങ്ങളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ഹമാസ് വ്യക്തമാക്കി.

ട്രംപ് മുന്നോട്ട് വെച്ച സമാധാന പദ്ധതി പ്രകാരം ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാൻ ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചു. 2023 ഒക്ടോബറിലെ ആക്രമണത്തിൽ ബന്ദികളാക്കപ്പെട്ടവരുടെ മോചനം ഉറപ്പാക്കുന്നതിനുള്ള മാസങ്ങളായുള്ള ശ്രമങ്ങൾക്ക് ഇത് വലിയ പ്രതീക്ഷ നൽകുന്നു.

കൂടാതെ, ഗാസയുടെ ഭരണച്ചുമതല 'സ്വതന്ത്ര ടെക്നോക്രാറ്റുകൾ' ഉൾപ്പെടുന്ന ഒരു പലസ്തീൻ സമിതിക്ക് കൈമാറാനും ഹമാസ് സമ്മതിച്ചിട്ടുണ്ട്. ഇതോടെ, ഹമാസിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഗാസയുടെ ഭരണരീതിയിൽ മാറ്റം വരുമെന്നാണ് സൂചന.

ട്രംപിൻ്റെ പദ്ധതിയിൽ അടിയന്തര വെടിനിർത്തൽ, ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റം, അന്താരാഷ്ട്ര മേൽനോട്ടത്തിലുള്ള ഒരു ഇടക്കാല സർക്കാർ രൂപീകരണം തുടങ്ങിയ നിർദ്ദേശങ്ങൾ ഉൾപ്പെടുന്നുണ്ട്. എന്നാൽ, പദ്ധതിയിലെ പ്രധാന വ്യവസ്ഥകളിലൊന്നായ ഹമാസിനെ നിരായുധീകരിക്കണം എന്ന ആവശ്യത്തോട് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മൗനം സമഗ്രമായ സമാധാന ചർച്ചകൾക്ക് തടസ്സമായേക്കാം.ഈ ഭാഗിക അംഗീകാരത്തിനോടുള്ള ഇസ്രായേലിൻ്റെ ഔദ്യോഗിക പ്രതികരണം ഇനി നിർണ്ണായകമാകും.