ഗാസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ഗാസയിൽ വീണ്ടും രൂക്ഷമായ ആക്രമണം നടത്തി. ഇന്നലെ മാത്രം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നുസൈറത്തിലെ അഭയാർത്ഥി ക്യാമ്പായി പ്രവർത്തിക്കുന്ന ഒരു സ്കൂളിനു നേരെയാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്.
ഇസ്രയേൽ സൈനികർക്കു നേരെ ഹമാസ് ആക്രമണം നടത്തിയെന്നും, ഇതിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്നും ആരോപിച്ചാണ് ഇസ്രയേൽ തിരിച്ചടിച്ചത്. എന്നാൽ, ഈ ആരോപണം ഹമാസ് നിഷേധിച്ചു. ആക്രമണം ന്യായീകരിക്കാൻ ഇസ്രയേൽ പതിവായി ഇത്തരം കള്ളാരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് ഹമാസിന്റെ പക്ഷം.
വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 97 പേർ കൊല്ലപ്പെടുകയും 230 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ, ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയരുന്നത്.
വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചു എന്ന് ആരോപിച്ച്, ഹമാസിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇസ്രയേലിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് ഹമാസ് വെടിയുതിർത്തു എന്നാരോപിച്ചാണ് റഫ ഉൾപ്പെടെയുള്ള ഗാസയിലെ നിരവധി മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.









