ലോകം

ലോകത്തെ അതിസമ്പന്നരിൽ ഒന്നാമനായി ലാറി എലിസൺ; ഇലോൺ മസ്‌കിനെ മറികടന്നു.

ന്യൂയോർക്ക്:അതിസമ്പന്നരുടെ പട്ടികയിൽ ലോകത്ത് ഒന്നാം സ്ഥാനം നേടി ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ. സ്പേസ് എക്‌സ്, ടെസ്‌ല എന്നീ കമ്പനികളുടെ മേധാവിയായ ഇലോൺ മസ്‌കിനെ പിന്നിലാക്കിയാണ് എലിസൺ ഈ നേട്ടം കൈവരിച്ചത്.

ഒറാക്കിളിന്റെ വരുമാന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് എലിസണിന്റെ ആസ്തി 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറിലെത്തി. നിലവിൽ മസ്‌കിന്റെ ആസ്തി 385 ബില്യൺ ഡോളറാണ്.

ഒരു വ്യക്തിക്ക് ഒരു ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടമാണിത്. ബ്ലൂംബെർഗിന്റെ കണക്കുകളനുസരിച്ച് എലിസൺ തന്നെയാണ് ഒറാക്കിളിന്റെ ഏറ്റവും വലിയ ഓഹരിയുടമ.

2021 മുതൽ അതിസമ്പന്നരുടെ പട്ടികയിൽ മസ്‌ക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹത്തിന് ഈ സ്ഥാനം നഷ്ടമായെങ്കിലും തിരികെ പിടിച്ചിരുന്നു.