വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. സാമ്പത്തിക ലാഭം വാ​ഗ്ദാനം നൽകി വാട്സ്ആപ്പ്, ടെല​ഗ്രാം ​ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകളെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ കുറിപ്പ് ഡാ മോനെ അത് തട്ടിപ്പാ സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിവിധ സാമൂഹ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിൽ താൽപര്യം പ്രകടിപ്പിക്കുന്ന വരെ ടെലിഗ്രാം/ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ തട്ടിപ്പുകാർ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്കുകൾ ആകും ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് പറയാനുണ്ടാവുക. അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാൻ സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം നമ്മൾ ഒരിക്കലും അറിയില്ല എന്നതാണ് സത്യം. തുടർന്ന് ഒരു വ്യാജ വെബ്‌സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമാകും. നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി പിന്നീട് സ്ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുന്നത്. പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. നിങ്ങൾക്ക് ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്ക്രീനിൽ മാത്രമേ കാണാൻ കഴിയൂ. ഒരിക്കലും ആ തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. അപ്പോൾ മാത്രമായിരിക്കും തട്ടിപ്പിൽ പെട്ടതായി നിങ്ങൾ തിരിച്ചറിയുക. തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കേരളം

കേരളത്തിൽ ജിയോയ്ക്കും വിഐക്കും എയർടെല്ലിനും വെല്ലുവിളി;ബി.എസ്.എൻ.എല്ലിന്റെ 332 4 ജി ടവറുകൾ സജ്ജമായി

രാജ്യത്തെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും ബി.എസ്.എൻ.എൽ. 4-ജി കണക്ടിവിറ്റി എത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയിൽ സംസ്ഥാനത്ത് 332 ടവറുകൾ സജ്ജമായി.316 പുതിയ ടവറുകൾ നിർമിക്കുകയും നിലവിൽ 3-ജി സേവനമുള്ള 16 ടവറുകൾ 4-ജി ആയി ഉയർത്തുകയും ചെയ്തു.ഗ്രാമങ്ങളിലും പട്ടികജാതി, പട്ടികവർഗ താമസകേന്ദ്രങ്ങളിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം എത്തിക്കുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിടുന്ന 4-ജി സാച്ചുറേഷൻ പദ്ധതിയുടെ ഭാഗമാണിത്. വിദ്യാർഥികളുടെ പഠനത്തിനും ഇത് സഹായകരമാകുമെന്ന് അധികൃതർ പറയുന്നു. ബി.എസ്.എൻ.എൽ. നടപ്പാക്കുന്ന പദ്ധതിയിലൂടെ 26,316 കോടി രൂപ മുടക്കി രാജ്യത്തെ 24,680 ഗ്രാമങ്ങളിൽ 4-ജി സേവനം എത്തിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.

കേരളം

സ്വർണവില - ഇന്നുണ്ടായത് വൻ വർധനവ്

കേരളത്തിൽ സ്വർണവില തുടർച്ചയായി നേരിട്ട ഇടിവിന് ശേഷം വീണ്ടും ഉയർന്നു.പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,560 രൂപ എന്ന നിലയിലേക്ക് കുതിച്ചുയര്‍ന്നു. ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,695 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്നലെ കേരളത്തില്‍ വീണ്ടും സ്വര്‍ണ വില കുറഞ്ഞിരുന്നു. നേരിയ കുറവാണ് വിപണിയിൽ രേഖപ്പെടുത്തിയത്. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി. 6660 എന്ന നിരക്കിലായിരുന്നു എത്തിയിരുന്നത്. അതിന് മുൻപത്തെ ദിവസം 6680 ആയിരുന്നു 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. എന്നാൽ ഇന്നലെ പവൻ വില 160 രൂപ കുറഞ്ഞ് 53,280 രൂപയിലെത്തിയിരുന്നു. അമേരിക്കൻ ബാങ്കുകളുടെ പലിശ നിരക്കുകൾ കുറഞ്ഞാൽ കൂടുതൽ പേർ നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ സമീപിക്കാൻ സാധ്യത ഉണ്ടെന്നാണ് സൂചന. പലിശ കുറയ്ക്കാന്‍ സമയമായെന്ന യു എസ് ഫെഡ് ചെയര്‍മാന്റെ പ്രസ്താവന വന്നതോടെ സ്വർണ്ണവില ഇനിയും ഉയരാനാണ് സാധ്യത.

കേരളം

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്‌ക്കാം

സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിഒഎസ് മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63 ആശുപത്രികളിലാണ് ഈ സംവിധാനമൊരുക്കുക. ഇതിനായി 249 പിഒഎസ് മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മുന്‍കൂറായി ഒപി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 624 ആശുപത്രികളിലാണ് ഇ ഹെല്‍ത്ത് സജ്ജമാക്കിയിരിക്കുന്നത്. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് ഇല്ലാത്ത 80 ആശുപത്രികളില്‍ ഈ സംവിധാനം സജ്ജമാക്കും. മുന്‍കൂറായി ടോക്കണ്‍ എടുക്കുന്നതിനോടൊപ്പം ആശുപത്രിയില്‍ ഒപി ടിക്കറ്റിന് തുക ഈടാക്കുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ക്യൂ നില്‍ക്കാതെ തന്നെ ആശുപത്രിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഒപി ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും നടപ്പിലാക്കും. ഈ സംവിധാനം ആദ്യഘട്ടമെന്ന നിലയില്‍ ഇ- ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും അതോടൊപ്പം പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത താലൂക്ക് ആശുപത്രി മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള സ്ഥലങ്ങളിലും നടപ്പിലാക്കുന്നതാണ്. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൊബൈല്‍ ആപ്പ് കൂടി ഇ ഹേല്‍ത്ത് പദ്ധതിയുടെ ഭാഗമായി സജ്ജമാക്കി വരുന്നു. ഇ ഹെല്‍ത്ത് സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ ഹെല്‍ത്ത് റെക്കോര്‍ഡ്, ലാബ് റിപ്പോര്‍ട്ട്, ഫാര്‍മസി റിപ്പോര്‍ട്ട് എന്നിവ ഈ മൊബൈല്‍ ആപ്പിലൂടെ രോഗിക്ക് കാണാന്‍ സാധിക്കും. ഈ മൊബൈല്‍ ആപ്പ് വഴിയും ഓണ്‍ലൈന്‍ ടിക്കറ്റെടുക്കുന്നതിനും അതിനുള്ള തുക അടയ്ക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. ഇതുകൂടാതെ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയും ഈ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കേരളം

കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും മുകളിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തിലെ മഴ ശക്തമാക്കുന്നത്.   ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും ഓഗസ്റ്റ് 27 നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കേരളം

സംസ്ഥാനത്ത് പനിമരണം കൂടുന്നു; ഈ മാസം ഇതുവരെ എലിപ്പനി ബാധിച്ച് മരിച്ചത് 20 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് വിട്ടുമാറാതെ പകർച്ചവ്യാധി. എട്ടു മാസത്തിനിടെ 116 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഈ മാസം ഇതുവരെ രണ്ട് ലക്ഷത്തിന് മുകളിൽ ആളുകൾ വൈറൽ പനിക്ക് ചികിത്സ തേടി.ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത് 317 പേർക്ക്. ഇതിൽ 20 പേർ മരിച്ചു. 21 പേരുടെ മരണം എലിപ്പനിയാണെന്ന് സംശയിക്കുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും രോഗവ്യാപനത്തെ കൃത്യമായി പ്രതിരോധിക്കാൻ ആകുന്നില്ല. ഈ വർഷം ഇതുവരെ 1,897 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 1937 പേർക്ക് ഈ മാസം ഡെങ്കി സ്ഥിരീകരിച്ചു. ഡെങ്കി വ്യാപനത്തിൽ കുറവുണ്ടായി എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 434 പേർക്ക് ഈ മാസം എച്ച് വൺ എൻ വൺ ബാധിച്ചു. ഒമ്പത് മരണങ്ങളും ഉണ്ടായി. ഇതിനൊപ്പം വൈറൽ പനി ബാധിതരുടെയും എണ്ണവും കൂടുകയാണ്.പനിക്ക് ചികിത്സ തേടി സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരത്തിന് മുകളിലാണ്. 509 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിൽ ഏഴ് പേർ ഈ മാസം മരിക്കുകയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുകയാണ് ആരോഗ്യവകുപ്പ്.  

കേരളം

കേരളത്തിൽ നാളെ വിവിധ ദളിത് സംഘടനകൾ ഹർത്താൽ നടത്തുന്നു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മിയും വിവിധ ദലിത് -ബഹുജന്‍ പ്രസ്ഥാനങ്ങളും ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദ് നടത്തും.ഇതിന്റെ ഭാഗമായി കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി-ദലിത് സംഘടനകളും അറിയിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് അതേസമയം, കേരളത്തിൽ പൊതുഗതാഗതത്തെയും സ്കൂളുകളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർനത്തെയും ബാധിക്കില്ല.സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ പാര്‍ലമെന്‍റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രീമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്‌.സി, എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും ആവശ്യപ്പെട്ടു.

കേരളം

ഇന്നും അതിശക്തമായ മഴക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ടുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി മഴ കിട്ടുന്ന മലയോരമേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ മുന്നിൽകാണണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.  നാളെ (ആഗസ്റ്റ് 21) ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.