കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കർണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീർ (25) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മാലിക്കി (26) നെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുച്ചിലോട്ട് കാവിന് സമീപം കണ്ണപുരത്ത് പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പഴയങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് ഇടിച്ച ഉടൻ കാറിന്റെ ഇന്ധനടാങ്ക് പൊട്ടുകയും തീപിടിക്കുകയുമായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ വാഹനത്തിൽ നിന്നും ഇറങ്ങിയതിനാൽ കാർ ഡ്രൈവർ മൊറാഴ സ്വദേശി രാധാകൃഷ്ണൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കാറും ബൈക്കും പൂർണമായി കത്തിനശിച്ചു. ഷംഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണപുരം പൊലീസും കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇൻക്വസ്റ്റ് നടത്തിയ ഷംഷിറിന്റെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.