കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുവദനീയമായതിനേക്കാൾ വേഗം കൂട്ടി സംസ്ഥാനത്ത് വിൽപ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു. സ്കൂട്ടര്‍ നിർമ്മാണ കമ്പനികൾക്കും ഡീലർമാർക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന എംവിഡിയുടെ പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്ന്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊച്ചിയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി
ട്രാൻസ്‍പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാൾ ഇത്തരം സ്കൂട്ടുകള്‍ വാങ്ങുമ്പോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്നങ്ങളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു
രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ ആവശ്യമില്ലാത്ത തരം സ്കൂട്ടറുകളുടെ വില്‍പനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മറ്റും വേണ്ട. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത്
എന്നാല്‍, ഇത്തരം സ്കൂട്ടറുകളില്‍ വേഗത കൂട്ടുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. പല സ്കൂട്ടറുകളും 45 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ വേണ്ടി ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതായി കണ്ടെത്തി. ഒരു സ്കൂട്ടര്‍ ഷോറൂമില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മഫ്തിയിലെത്തി പരിശോധന നടത്തിയപ്പോള്‍ ഇതിലെ തട്ടിപ്പ് വ്യക്തമായി. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്തും അന്ന് നേരിട്ട് ആ ഷോറൂമിലെത്തിയിരുന്നു