കേരളം കടുത്ത വരള്‍ച്ചയുടെ വക്കില്‍. കര്‍ക്കിടകത്തില്‍ മഴ ചതിച്ചതോടെ മണ്‍സൂണ്‍ മഴയില്‍ 45 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മലയോര ജില്ലകളിലാണ് ഏറ്റവും മഴകുറഞ്ഞത്. ഇതോടെ പുഴകളും സംഭരണികളും വറ്റിവരളുകയാണ്.
കര്‍ക്കിടകവും കഴിഞ്ഞ് ചിങ്ങംപിറന്നിട്ടും ചാറ്റല്‍മഴപോലും എങ്ങുമില്ല. കത്തുന്ന വേനല്‍ചൂടാണ് എല്ലാ ജില്ലകളിലും. കോട്ടയം പാലക്കാട് കൊല്ലം ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍സ്യസിലേക്കെത്തി. ഇതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സ്ഥിതിയാണ്. ഇടുക്കിയിലാണ് ഏറ്റവും മഴകുറഞ്ഞത്, 61 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇടമലയാറും ഇടുക്കിയും ഉള്‍പ്പെടെ മധ്യകേരളത്തിലെ ജല സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഏതാണ്ടില്ലാതായ അവസ്ഥയാണ്. വയനാട്ടില്‍ 56, കോട്ടയം , പാലക്കാട് ജില്ലകളില്‍ 50 ശതമാനം വീതമാണ് മഴയുടെ കുറവ്. 14 ജില്ലകളിലും മണ്‍സൂണ്‍ മഴ ശരാശരി തോതില്‍പോലും കിട്ടിയിട്ടില്ല. പസഫിക്ക്സമുദ്രം ചൂടുപിടിക്കുന്ന എല്‍നിനോ പ്രതിഭാസം , ഇന്ത്യാമഹാസമുദ്രത്തിലെ ഉഷ്ണ ജലപ്രവാഹം ഇങ്ങനെ പലകാരണങ്ങളും മണ്‍സൂണ്‍ദുര്‍ബലമാകാന്‍ ഇടയാക്കിയിട്ടുണ്ട്.