വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മലപ്പുറത്ത് ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്ന് പേർ മരിച്ചു

മലപ്പുറം: മലപ്പുറം ദേശീയ പാത 66 ൽ കോഹിനൂരിൽ ഇന്നോവ കാർ നിർത്തിയിട്ട ലോറിയിലിടിച്ച് ദമ്പതികളടക്കം മൂന്നുപേർ മരിച്ചു.തൃശൂര്‍ പന്നിത്തടം സ്വദേശികളായ ഷഹീദ് , ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. രാത്രി 12 മണിക്കാണ് അപകടം. ഇന്ന് പുലർച്ചെ കനത്ത മഴയ്ക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു  

കേരളം

ഹെൽമെറ്റില്ലെങ്കിൽ ഇനി പിഴ മാത്രമല്ല, ലൈസൻസും പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷാ നടപടികൾ മോട്ടോർ വാഹന വകുപ്പ് (MVD) കർശനമാക്കുന്നു. ഇനിമുതൽ ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചാൽ 500 രൂപ പിഴ ഒടുക്കേണ്ടി വരുന്നതിനൊപ്പം മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. എം.വി.ഡി നടത്തുന്ന ഒരു ദിവസത്തെ നിർബന്ധിത സുരക്ഷിത ഡ്രൈവിങ് പരിശീലന ക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയും പരിശീലന കാലയളവും കൃത്യമായി നിശ്ചയിച്ച് സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നേരത്തെ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും, കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ നിയമലംഘനങ്ങളെ 13 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരമുള്ള വിവിധ ശിക്ഷകൾ ഒറ്റനോട്ടത്തിൽ:നിയമലംഘനംലൈസൻസ് സസ്‌പെൻഷൻ കാലാവധി  നിർബന്ധിത ക്ലാസ് മദ്യപിച്ച്/അലക്ഷ്യമായി ഓടിച്ച് ആളപായമുണ്ടാക്കൽ                     1 വർഷം              5 ദിവസം അപകടത്തിൽ ഗുരുതര പരിക്കേൽപ്പിക്കൽ                                     6 മാസം              5 ദിവസം മദ്യപിച്ചുള്ള ഡ്രൈവിങ്, മത്സരയോട്ടം, അലക്ഷ്യമായ ഡ്രൈവിങ്     6 മാസം              3 ദിവസം ആംബുലൻസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ തടസ്സപ്പെടുത്തൽ        6 മാസം              1 ദിവസം അമിതവേഗത                                                                               3 മാസം             3 ദിവസം അമിതഭാരം കയറ്റൽ                                                                      3 മാസം             1 ദിവസം ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര                                                     3 മാസം             1 ദിവസം കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ആർ.ടി. ഓഫീസുകളിൽ നിന്ന് ലൈസൻസ് തിരികെ ലഭിക്കൂ. സാങ്കേതിക തകരാറുകളുള്ള വാഹനം നിരത്തിലിറക്കുന്നവർക്കും 6 മാസത്തെ സസ്‌പെൻഷനും 3 ദിവസത്തെ ക്ലാസും നിർബന്ധമാക്കിയിട്ടുണ്ട്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നേക്കാം നേരത്തെ ഹെൽമെറ്റ് ധരിക്കാത്തത് പോലുള്ള ചെറിയ കുറ്റങ്ങൾക്ക് ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് എം.വി.ഡി കടന്നിരുന്നില്ല. എന്നാൽ നിയമലംഘനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. അതേസമയം, സംസ്ഥാനത്ത് നിലവിൽ മൂന്ന് പരിശീലന കേന്ദ്രങ്ങൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ആയിരക്കണക്കിന് വരുന്ന നിയമലംഘകർക്ക് ക്ലാസുകൾ കൃത്യസമയത്ത് നൽകി ലൈസൻസ് പുനഃസ്ഥാപിച്ചു നൽകുന്നത് മോട്ടോർ വാഹന വകുപ്പിന് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കേരളം

ഇന്ദിരാഗാരന്റിയ്ക്ക് പ്രാമുഖ്യം നല്കി നയപ്രഖ്യാപനം. വലിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ​ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യു.ഡി.എഫ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തിൽ ​ഗവർണർ പറഞ്ഞു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യു.ഡി.എഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. ലഹരിമാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിനായി ഓപ്പറേഷൻ തൂഫാൻ നടപ്പാക്കും. ഐ.ടി വകുപ്പ് ഐ.ടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ് എന്നാക്കി മാറ്റും. കർഷിക മേഖലയുടെ സമ​ഗ്ര വികസനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രധാന പ്രഖ്യാപനങ്ങൾ :  റോഡ് നവീകരണം നടപ്പാക്കും  പൊതു​ഗതാ​ഗതം ആധുനികമാക്കും  ഭൂമി പ്രശ്നം പരിഹരിക്കാൻ കമ്മീഷനെ നിയോ​ഗിക്കും  റവന്യൂ വകുപ്പ് പൂർണമായും ഡിജിറ്റലാക്കും  പട്ടയവിതരണം കാര്യക്ഷമമാക്കും  ഭൂ നിയമങ്ങൾ പരിഷ്കരിക്കും  ഉത്തരവാദ ടൂറിസം വ്യാപിപ്പിക്കും  തദ്ദേശ തലത്തിൽ വയോമിത്രം പദ്ധതി  ഡിമൻഷ്യ ഡേ കെയറികൾ സ്ഥാപിക്കും  വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി, മൂന്ന് ദിവസം വരെ അവധി നൽകും  എല്ലാവർക്കും ​ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും  ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കും  ടൂറിസം മേഖലയിൽ നിക്ഷേപം വ്യാപിപ്പിക്കും  കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നൽകും  വഖഫ് ബോർഡ് നവീകരിക്കും  ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കും  ആരോഗ്യ മേഖലയെ പിടിച്ചുയർത്തും. ആധുനിക സംവിധാനം ഉറപ്പാക്കും.  ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക സർക്കാർ ലക്ഷ്യം  സഹകരണമേഖലയിലെ തട്ടിപ്പുകളെ കർശനമായി നേരിടും  യുവാക്കൾക്കായി നൈപുണ്യ വികസനം  ജീവിത ചെലവ് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും  കേരള ചരിത്രത്തിനായി ഡിജിറ്റൽ ആർക്കൈവ്സ് സ്ഥാപിക്കും  കൃഷി ലാഭകരമായ തൊഴിലാക്കി മാറ്റാൻ നെല്ല്, നാളികേരം, റബ്ബർ എന്നിവയ്ക്ക് ന്യായവില  മികച്ച സംഭരണ സംവിധാനങ്ങൾ ഉറപ്പാക്കും  വനിതാ കർഷകരെ ശാക്തീകരിക്കാൻ 'വുമൺ ഫാർമേഴ്‌സ് കൺസോർഷ്യം' രൂപീകരിക്കും  യുവ സംരംഭകർക്കായി 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ  മലബാർ ടെംപിൾ പിൽ​ഗ്രിം പ്രോജക്ട് നടപ്പാക്കും  ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സമഗ്ര സിനിമ നയം രൂപീകരിക്കും  അന്താരാഷ്ട്ര ചലച്ചിത്ര മേള കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും  സീറോ ടോളറൻസ് ടു ഡ്ര​ഗ്സ്. എക്സൈസ് വകുപ്പിൽ സമ​ഗ്ര പരിഷ്കാരം  എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കും  സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റിനു രൂപം നൽകും  എല്ലാ പൗരന്മാർക്കും ഭക്ഷ്യസുരക്ഷ  പൊതുവിതരണ ശൃംഖല ശക്തമാക്കും  വിലക്കയറ്റം നിയന്ത്രിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും കർശന നടപടി  സപ്ലേകോ സൂപ്പർ മാർക്കറ്റുകൾ നവീകരിക്കും  മാവേലി സ്റ്റോറുകളുടേയും റേഷൻ കടകളുടേയും എണ്ണം വർധിപ്പിക്കും  തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 'മിഷൻ സമുദ്ര' പദ്ധതി  കടലിൽ വെച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രത്യേക സഹായ പദ്ധതികൾ ഉറപ്പാക്കും.

കേരളം

പുതുയുഗ കേരളം ലക്ഷ്യം ;UDF സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം

വി.ഡി. സതീശൻ സർക്കാരി‍ൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കുമെന്നുമടക്കമുള്ള പ്രഖ്യാപനങ്ങളുണ്ടായി. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തും. ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കും. അഴിമതിരഹിത ഭരണം കാഴ്‌ചവയ്ക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും. മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. എക്സൈസ് നയത്തിൽ മാറ്റം വരുത്തും. സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ലഹരിയുടെ വേരറുക്കാൻ സമഗ്ര പദ്ധതികളുമായി സർക്കാർ. എക്സൈസ്-ആഭ്യന്തര-ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് പദ്ധതി നടപ്പാക്കും. ഓൺലൈൻ ലഹരി ശൃംഖലകൾ തടയും. ലഹരിക്കേസ് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടമെന്നും യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം. കേരളത്തിലെ പൊലീസ് സംവിധാനം ആധുനികവത്കരിക്കുമെന്നും ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്നും കുറഞ്ഞ ചിലവിൽ സംസ്ഥാനത്ത് ചികിത്സകൾ നടപ്പിലാക്കുമെന്നും പ്രഖ്യാപനം. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് വർഷം 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. കൃഷി ലാഭകരമായ തൊഴിൽമേഖലയാക്കും. കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുമെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ടൂറിസം മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും സംസ്ഥാനത്തിന്റെ ജലനയം പരിഷ്‌കരിക്കും. സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. പൊതുസ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് ആറുമാസം വരെ പ്രസവ അവധിയാക്കുമെന്നും നയപ്രഖ്യാപനപ്രസംഗത്തിൽ പറയുന്നു.

കേരളം

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കേസിൽ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരു പ്രതിക്ക് ഒരു വർഷം തടവ് ശിക്ഷ. ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതിയെയും 11ാം പ്രതിയെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. മറ്റ് 13 പ്രതികളുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കുറ്റക്കാരായ 13 പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമത്തിലെ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷാവിധി ഉയര്‍ത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.  

കേരളം

രാജ്യത്ത് പെട്രോൾ- ഡീസൽ വിലയിൽ വീണ്ടും വർധനവ്. രണ്ടാഴ്ചയ്ക്കിടെ വില വർധിപ്പിക്കുന്നത് ഇത് നാലാമത്തെ തവണ

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി. കൊച്ചിയിൽ പെട്രോൾ വില 113.5 രൂപയിലെത്തി. ഡീസൽ വില 102.44 രൂപയായി. കോഴിക്കോട് പെട്രോൾ വില 113.79 രൂപയും ഡീസൽ വില 102.71 രൂപയുമായി.

കേരളം

ലഹരിക്കെതിരേ ‘ഓപ്പറേഷൻ തൂഫാൻ’

കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകും. സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് തുടങ്ങും. പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. ‌പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിൽ സമൂല മാറ്റം വരുത്താൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് അപകടങ്ങൾ കുറച്ചു കൊണ്ടുവരാൻ കൂടുതൽ സംവിധാനങ്ങൾ രൂപീകരിക്കാൻ തീരുമാനിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. പോലീസ് ട്രെയിനിങ് സിലബസിൽ മാറ്റം വരുത്തും. ഓപ്പറേഷൻ കുബേര അടക്കമുള്ള കാര്യങ്ങൾ ആലോചിച്ച് തീരുമാനമെടുക്കേണ്ടവയാണ്. നിലവിൽ ആദ്യപരിഗണന ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ടിനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. നവ കേരള യാത്രയ്ക്കിടെ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും റിപ്പോർട്ട്‌ വന്ന ശേഷം നടപടിയെടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ആരാണെങ്കിലും സംരക്ഷിക്കില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു

കേരളം

സപ്ലൈകോ പെരുന്നാൾ കിറ്റുകൾ മേയ് 26 വരെ

തിരുവനന്തപുരം: ബലിപെരുന്നാൾ വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങൾക്ക് ആശ്വാസമേകാനും വിപുലമായ ഒരുക്കങ്ങളുമായി സപ്ലൈകോ. ഈദ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പത്തിനം അവശ്യസാധനങ്ങൾ അടങ്ങിയ ‘ബക്രീദ് സ്പെഷ്യൽ കിറ്റ്’ സപ്ലൈകോ വിപണിയിലെത്തിച്ചു. മേയ് 26 വരെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകൾ വഴി പൊതുജനങ്ങൾക്ക് ഈ പ്രത്യേക കിറ്റുകൾ ലഭ്യമാകും. വിപണിയിൽ 1101 രൂപ വിലമതിക്കുന്ന ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങളാണ് പെരുന്നാൾ പ്രമാണിച്ച് വെറും 850 രൂപക്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്.മൂന്ന് കിലോഗ്രാം ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പം പൊടി, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, മീറ്റ് മസാല (100 ഗ്രാം), ചിക്കൻ മസാല (100 ഗ്രാം), ഗരം മസാല (50 ഗ്രാം), കുരുമുളകുപൊടി (100 ഗ്രാം), ഏലക്കായയും ഗ്രാമ്പുവും അടങ്ങുന്ന ഹോൾ മസാല പാക്കറ്റ് (50 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്. പെരുന്നാൾ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ പ്രധാന സാധനങ്ങളെല്ലാം ഒരൊറ്റ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും. പൊതുവിപണിയിലെ കൊള്ളവിലയിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള സപ്ലൈകോയുടെ ഈ പെരുന്നാൾ സമ്മാനം മേയ് 26 വരെ മാത്രമേ ലഭ്യമാകൂ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും സൗജന്യമായി നൽകുമെന്ന തരത്തിൽ വ്യാജ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.