വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

34 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ ഉൾപ്പടെ അവസരങ്ങൾ

പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി എ എന്നിങ്ങനെ 34 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും. 2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാം. ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെഎഫ്സിയിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയ തസ്തികകളിലേക്കുമുള്ള ഒഴുവുകളിൽ ഉടൻ വിജ്ഞാപനമിറക്കും.  

കേരളം

*പഞ്ചായത്ത് തലത്തിലും റേഷൻ കാർഡ് മസ്റ്ററിംഗ്; രണ്ട് ഘട്ടങ്ങളായി ക്രമീകരിക്കും

റേഷൻ കാർഡ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടി പഞ്ചായത്ത് തലത്തിലും മസ്റ്ററിംഗ് നടത്താൻ പൊതുവിതരണ വകുപ്പ് തീരുമാനം. ഡിസംബർ മാസം രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്ത് തലത്തിൽ മസ്റ്ററിംഗ് ക്രമീകരിക്കും. മസ്റ്ററിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളവർക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം ഏർ‌പ്പെടുത്തുന്നത്. ഡിസംബർ 2 മുതൽ 8 വരെ ഒന്നാം ഘട്ടവും ഡിസംബർ 9 മുതൽ 15 വരെ രണ്ടാംഘട്ടവും നടത്തും. ഇ പോസ്, ഐറിസ് സ്കാനർ, ഫെയ്സ് ആപ്പ് തുടങ്ങിയവ ഉപയോഗിച്ച് ആയിരിക്കും ഇ-കെവൈസി അപ്ഡേഷൻ.  82% മഞ്ഞ, പിങ്ക് കാർഡ് ഉടമകളും മസ്റ്ററിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. റേഷൻ കാർഡും ആധാർകാർഡുമായി റേഷൻകടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡുടമകൾ നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിപ്പിച്ചാണ് ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്

കേരളം

പണമില്ല എന്ന കാരണത്താൽ പഠന യാത്രയിൽ നിന്ന് ഒരു കുട്ടിയെപ്പോലും ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. അതിനാൽ പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ പഠന യാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെന്‍റ് കമ്മിറ്റികളോ വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ പരിപാടികൾക്ക് സമ്മാനങ്ങൾ നൽകാൻ കുട്ടികൾ നിർബന്ധിതരാകുന്നു. സമ്മാനങ്ങൾ കൊണ്ട് വരാത്ത കുട്ടികളെ വേർതിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ ഒഴിവാക്കാൻ സ്കൂൾ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

കേരളം

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: 500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാനുള്ള പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കടത്തില്‍ മുങ്ങിയ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി കോർപറേഷൻ രംഗത്തെത്തിയത്.സ്‌കൂളിന് സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിനാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പദ്ധതിയിടുന്നത്. ഉച്ചഭക്ഷണമടക്കം 500 രൂപയെന്ന മികച്ച പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ടൂര്‍ ക്രമീകരിക്കുക. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.  

കേരളം

ഡിസംബർ 1 മുതൽ മാറ്റം, അറിയിപ്പുമായി കെഎസ്ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഡിസംബർ 1 മുതൽ ഓണ്‍ലൈനിൽ മാത്രം. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു. പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസിൽ നേരിട്ടുള്ള പേപ്പർ അപേക്ഷകൾ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയിൽ മാത്രം അപേക്ഷകൾ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.അപേക്ഷാ ഫോം കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ൽ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച് രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാൽ ഉടൻ  സീനിയോറിറ്റി നമ്പരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്ഇബി വിശദീകരിച്ചു. 

കേരളം

ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പി.വി അബ്ദുൽ വഹാബ് എംപി, എംഎൽഎ മാരായ പി.ടി.എ റഹീം , മുഹമ്മദ് മുഹ്സിൻ, ഉമർ ഫൈസി മുക്കം, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉൾപ്പെടെ 16 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. നിലേശ്വരം മുനിസിപ്പാലിറ്റി ചെയർമാനായ മുഹമ്മദ് റാഫി പി.പി, താനൂർ മുനിസിപ്പാലിറ്റി കൗൺസിലർ അക്ബർ പി.ടി, ഒഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌കർ കോരാട്, അഡ്വ. മൊയ്തീൻകുട്ടി, ജാഫർ ഒ.വി, ഷംസൂദ്ദീൻ അരിഞ്ഞിറ, നൂർ മുഹമ്മദ് നൂർഷാ കെ, അനസ് എം.എസ്, കരമന ബായർ, അഡ്വ. എം.കെ സക്കീർ, മലപ്പുറം കലക്ടർ വി.ആർ വിനോദ് ഐഎഎസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

കേരളം

റേഷൻകാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അപേക്ഷിക്കാം*

തിരുവനന്തപുരം: ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻകാർഡുകൾ മുൻഗണനാ (പിങ്ക് കാർഡ്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നവംബർ 25 രാവിലെ 11 മുതൽ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും. ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ ecitizen.civilsupplieskerala.gov.in വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.  

കേരളം

സംസ്ഥാനത്ത് പലയിടങ്ങളിലും ആശങ്ക പരത്തി കവർച്ചക്കാരായ കുറുവ സംഘം.

സംസ്ഥാനത്ത് പലയിടങ്ങളിലും ആശങ്ക പരത്തി കവർച്ചക്കാരായ കുറുവ സംഘം. ഒന്നോ രണ്ടോ മോഷ്ടാക്കളല്ല, മറിച്ച് വലിയൊരു സംഘം മോഷ്ടാക്കളുടെ കൂട്ടമാണിത്. കുട്ടികളുടെ കരയുന്നതുപോലെ ശബ്ദം ഉണ്ടാക്കിയും ടാപ്പ് തുറന്നുവിട്ടും വീട്ടുകാരെ പുറത്തേക്കിറക്കുകയും, അവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തുകയും ചെയ്യുന്നതും ഇവരുടെ രീതിയാണ്. അതിനാൽ രാത്രിയിൽ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.