വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ്

തിരുവനന്തപുരം: റേഷൻ കടകളുടെ സമയം പുനക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ് രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷൻകടകള്‍ തുറന്നു പ്രവർത്തിക്കും.അരമണിക്കൂർ പ്രവർത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവർത്തന സമയം. റേഷൻ വ്യാപാരി സംഘടനകള്‍ ഇന്ന് ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. റേഷൻ വ്യാപാരികളുമായി രണ്ടാംഘട്ട ചർച്ച ജനുവരി ഒമ്ബതിന് നടക്കും. ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കും. ചർച്ചയില്‍ KTPDS ആക്റ്റിലെ അപാകതകള്‍ പരിഹരിക്കാമെന്ന് മന്ത്രി വ്യാപാരികള്‍ക്ക് ഉറപ്പു നല്‍കി. ആക്ടില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു റേഷൻ വ്യാപാരികളുടെ പ്രധാന ആവശ്യം.സർക്കാരിൻറെ എല്ലാ പൊതു അവധികളും റേഷൻ കടകള്‍ക്കും നല്‍കണമെന്നും റേഷൻ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു. അവധി ദിവസം റേഷൻ കടകള്‍ പ്രവർത്തിപ്പിക്കുന്നവക്കെതിരെ നടപടി വേണമെന്നും ചർച്ചയില്‍ ആവശ്യം ഉയർന്നു. വേതന പാക്കേജും ക്ഷേമനിധിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പിന്നീട് ചർച്ച ചെയ്യും.  

കേരളം

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി

ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും മതിയായ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും ദീപാലങ്കാരം നടത്തുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍‍സുലേറ്റ് ചെയ്തുവെന്നും ഇഎല്‍സിബി / ആര്‍സിസിബി പ്രവര്‍‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. ഉത്സവ നാളുകള്‍ കണ്ണീരിലാഴ്ത്താതിരിക്കാന്‍ മുന്‍കരുതല്‍ നിര്‍‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

കേരളം

സംസ്ഥാനത്തെ 11 ജില്ലകളിലെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ഡിസംബര്‍ 10ന് നടക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ ഡിസംബർ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ്.തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംങ്‌ ലൈസൻസ്,ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ലോക്സ‌ഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ അടുത്തിടെ നടന്നതിനാലാണിത്. ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 19 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 151055 വോട്ടർമാരാണുള്ളത് 71967 പുരുഷന്മാരും 79087 സ്ത്രീകളും. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. കമ്മീഷന്റെ www.sec.kerala.gov.in വെബ്സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക പരിശോധിക്കാം.പ്രശനബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഡിസംബർ 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.  www.sec.kerala.gov.in വെബ്സൈറ്റിലെ TREND ൽ ലഭ്യമാകും.   ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍   കൊല്ലം: വെസ്റ്റ് കല്ലട നടുവിലക്കര (8), കുന്നത്തൂര്‍ തെറ്റിമുറി (5), ഏരൂര്‍ ആലഞ്ചേരി (17), തേവലക്കര കോയിവിള തെക്ക് (12), പാലക്കല്‍ വടക്ക് (22), ചടയമംഗലം പൂങ്കോട് (5) പത്തനംതിട്ട: കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊള്ളൂര്‍ (13), പന്തളം ബ്ലോക്ക്പഞ്ചായത്തിലെ വല്ലന (12), നിരണം കിഴക്കുംമുറി (7), എഴുമറ്റൂര്‍ ഇരുമ്പുകുഴി (5), അരുവാപ്പുലം പുളിഞ്ചാണി (12) ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ വളവനാട് (1), പത്തിയൂര്‍ എരുവ (12) കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി (16), അതിരമ്പുഴ പഞ്ചായത്ത് -ഐടിഐ (3) ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി (2), കരിമണ്ണൂര്‍ പന്നൂര്‍ (9) തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ മസ്ജിദ് (41), ചൊവ്വന്നൂര്‍ പൂശപ്പിള്ളി (3), നാട്ടിക ഗോഖലെ (9) പാലക്കാട്: ചാലിശ്ശേരി ചാലിശ്ശേരി മെയിന്‍ റോഡ് (9), തച്ചമ്പാറ കോഴിയോട് (4), കൊടുവായൂര്‍ കോളോട് (13) മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് (31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (49), തൃക്കലങ്ങോട് മരത്താണി (22), ആലംകോട് പെരുമുക്ക് (18) കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് വെസ്റ്റ് (18)

കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്.*

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസ കൂട്ടിക്കൊണ്ടുള്ള വൈദ്യുത നിരക്കിനുള്ള തീരുമാനമാണ് ഇപ്പോൾ എടുത്തിരിക്കുന്നത്. ഡിസംബർ അഞ്ച് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. 10 പൈസ സമ്മർ താരിഫ് വേണമെന്ന കെ.എസ്.ഇ.ബി ആവശ്യം തള്ളി. അടുത്ത വർഷം 12 പൈസ വർധിപ്പിക്കും.

കേരളം

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് ഗതാഗത വകുപ്പ് കമ്മീഷണർ

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളും വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ. വിനോദ സഞ്ചാര കാലമായതിനാൽ എല്ലാ സ്‌കൂളുകളിൽ നിന്നും യാത്ര പോകുന്നതിനാലാണ് തീരുമാനം. ഒരാഴ്ചക്കുള്ളിൽ എല്ലാ സ്‌കൂൾ ബസുകളും മോട്ടോർ വാഹന വകുപ്പ് മുൻപാകെ ഹാജരാക്കി സ്‌കൂൾ മാനേജ്മെൻ്റുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്.  

കേരളം

തീവ്രമഴ: രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത വേണം; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം:-തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. രാത്രി കാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പൊട്ടിവീണ ലൈനില്‍ മാത്രമല്ല, പരിസര പ്രദേശങ്ങളിലും വൈദ്യുത പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരേയും സമീപത്ത് പോകാന്‍ അനുവദിക്കുകയുമരുത്. സര്‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ട്. മേല്‍പ്പറഞ്ഞ തരത്തിലുള്ള അപകടമോ അപകട സാധ്യതയോ ശ്രദ്ധയില്‍‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പരിലോ വിവരം അറിയിക്കേണ്ടതാണ്. ഈ നമ്പര്‍ അപകടങ്ങള്‍ അറിയിക്കുവാന്‍‍ വേണ്ടി മാത്രമുള്ളതാണ്.  വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍‍ഫ്രീ കസ്റ്റമര്‍‍കെയര്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.  9496001912 എന്ന മൊബൈല്‍ നമ്പരില്‍ വിളിച്ചും വാട്ട്സാപ്പ് സന്ദേശമായും പരാതി രേഖപ്പെടുത്താന്‍ കഴിയും. ഈ വര്‍‍ഷം ഇതുവരെ നടന്ന 296 വൈദ്യുത അപകടങ്ങളില്‍ നിന്നായി 73 പൊതുജനങ്ങള്‍‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും കെഎസ്ഇബി അറിയിച്ചു.   

കേരളം

സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം

ആലപ്പുഴ :സിനിമകാണാൻ വാടകയ്‌ക്കെടുത്ത കാർ മഴയിൽ നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസ്സിലിടിച്ച് 5 വിദ്യാർത്ഥികൾക്ക് ദാരുണ അന്ത്യം .ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് മരിച്ചത്.പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവ സ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ്. മഴയുണ്ടായിരുന്നതിനാൽ കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന നിഗമനമാണ് പ്രാഥമിക പരിശോധനയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.മഴ മൂലം എതിരെ വന്ന വാഹനം ദൃശ്യമാകാതെ മുന്നോട്ട് എടുക്കുകയും, എന്നാൽ തുടർന്ന് കണ്ട വെളിച്ചത്തിൽ മറ്റൊരു വണ്ടി കണ്ട് വെട്ടിച്ചതാകും കാർ നിയന്ത്രണം വിട്ട് വട്ടം കറങ്ങി മറ്റൊരു വശത്ത് കൂടി വരുകയായിരുന്ന ബസിലിടിച്ചത് എന്ന നിഗമനം ആണുള്ളത്. പെട്ടന്ന് കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി മഴയുണ്ടായിരുന്നതിനാലും, വാഹനത്തിലെ ഓവർ ലോഡും കാരണം കാർ തെന്നി നിയന്ത്രണ തെറ്റി ബസിലേക്ക് ഇടിച്ചുകയറി തെന്നാണ് നിഗമനം. കാറിന്റെ മധ്യഭാഗമാണ് ബസിൽ ഇടിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.സിനിമ കാണാനായി വാടകയ്ക്ക് എടുത്തതാണ് ഈ ടവേര കാർ.ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ട് 10 കി.മി പിന്നിടുമ്പോഴാണ് അപകടം.ഇവർക്ക് പിന്നാലെ രണ്ട് വിദ്യാർത്ഥികൾ ബൈക്കിലും ഉണ്ടായിരുന്നു.

കേരളം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി  പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെ എസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. സമ്മർ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ്.