തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന സമ്പൂർണ ബജറ്റ് അവതരണത്തിൽ വികസന-ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. സർക്കാർ ജീവനക്കാർക്ക് ഡി എ കുടിശിക വിതരണം, ശമ്പള പരിഷ്കരണം എന്നിവ സംബന്ധിച്ച പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം ബജറ്റിൽ ക്ഷേമ പെൻഷൻ വർധന ഉണ്ടാകുമോ എന്നത് ആകാംക്ഷ നൽകുന്ന വിഷയമാണ്. ഇപ്പോൾ നൽകുന്ന 2000 രൂപ സാമൂഹ്യ ക്ഷേമപെൻഷൻ ഇനിയും ഉയർത്താനും നേരിട്ട് വലിയ തുകയിലേക്ക് ഉയർത്തുന്നതിന് പകരം ഓരോ വർഷവും നിശ്ചിത തുക വീതമുള്ള വർധന പരിഗണിക്കാനും സാധ്യതയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമുള്ള അഷ്വേഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചേക്കും.









