വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മണ്ണിടിച്ചിൽ ജാഗ്രത വേണം, 7 ജില്ലകളിൽ ഇടിമിന്നലോടെ മഴയും 40 കി.മി വേഗതയിൽ കാറ്റും

തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.  ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളം

വൈദ്യുതി ബില്ലുകൾ ഇനി മലയാളത്തിൽ; മാറ്റം റഗുലേറ്ററി കമ്മീഷൻ അദാലത്തിലെത്തിയ പരാതിയെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകിത്തുടങ്ങി. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷൻ അദാലത്തിൽ ആവശ്യം ഉയർന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകൾ വായിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നൽകും.  കറന്‍റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നൽകും. www.kseb.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡും ചെയ്യാം. എനർജി ചാർജ്, ഡ്യൂട്ടി ചാർജ്, മീറ്റർ വാടക എന്നിവയെല്ലാം എന്താണെന്നും എങ്ങനെയാണത് കണക്കാക്കുന്നതെന്നും വെബ്സൈറ്റിൽ മലയാളത്തിലും നൽകിയിട്ടുണ്ട്. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന്  പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബിൽ ഏര്‍പ്പെടുത്തണമെന്നത് ഉപഭോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. 200 യൂണിറ്റിന് മുകളിൽ ഉപഭോഗം കടന്നാൽ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8 രൂപ 20 പൈസ കൊടുക്കണം. രണ്ട് മാസത്തെ ബില്ലായി പലര്‍ക്കും താരതമ്യന ഉയര്‍ന്ന തുക കൊടുക്കേണ്ടി വരുന്നു. ഇത് പ്രതിമാസമായാൽ ഉയർന്ന താരിഫും അമിത ബില്ലും  ഒഴിവാക്കാമെന്നതാണ് ഗുണം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.  

കേരളം

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അഞ്ച് ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി നൽകില്ല. തൊട്ട് മുൻപ് 25 ലക്ഷമായിരുന്നു പരിധി. തദ്ദേശ സ്ഥാപനങ്ങളെയും കരാറുകാരെയും ട്രഷറി നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ഓണക്കാല ചെലവുകൾക്ക് പിന്നാലെയാണ് സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്. 

കേരളം

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം; വിദേശത്ത് നിന്നും വന്നവർക്ക് കർശന നിർദ്ദേശങ്ങൾ

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്.  യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. 

കേരളം

സംസ്ഥാനത്ത് റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ഇന്ന് മുതൽ പുനഃരാരംഭിക്കുന്നു, കോട്ടയം ജില്ലയിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ.

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങാണു ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്. ഓരോ ജില്ലകളിലും മസ്റ്ററിങ്ങിനായി പ്രത്യേകം സമയക്രമങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 24 വരെ തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 1 വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ഒക്ടോബർ 3 മുതൽ 8 വരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലുമാണ് മസ്റ്ററിങ്ങിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലായി 1.54 കോടി അംഗങ്ങളാണ് ഇനിയും മസ്റ്റർ ചെയ്യാനുള്ളത്. റേഷൻ കടകൾക്കു പുറമേ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും ആവശ്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകൾ നടത്താമെന്നും വകുപ്പ് അറിയിച്ചു.എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്.സംസ്ഥാനത്തെ ഏത് റേഷൻ കടകളിലും ഏതൊരു മുൻഗണനാ കാർഡുകാർക്കും മസ്റ്ററിംഗ് നടത്താവുന്നതാണ്.

കേരളം

കാസർഗോഡ് കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു: മരിച്ചത് കോട്ടയം സ്വദേശികൾ

കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ മൂന്നു പേർ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ആലീസ് തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചൽ (30) എന്നിവരാണു മരിച്ചത്. ഇന്ന് വൈകിട്ട് ഏഴു മണിയോടാണ് സംഭവം. കള്ളാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതിനിടയിലായിരുന്നു സംഭവം.

കേരളം

വാഹനങ്ങളില്‍ കൂളിങ് ഫിലിം പതിപ്പിക്കാം: ഉത്തരവുമായി ഹൈക്കോടതി

ോട്ടോർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരില്‍‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളില്‍ വാഹനങ്ങളില്‍ സേഫ്റ്റി ഗ്ലേസിങ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച്‌ മോട്ടോര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകള്‍ക്ക് പകരം 'സേഫ്റ്റിഗ്ലേസിങ്' കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപിൻ ഭാഗങ്ങളില്‍ 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങള്‍ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരം ഫിലിമുകള്‍ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അത് നിലവിലുള്ള സുപ്രീം കോടതി വിധികള്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങള്‍ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിർത്താൻ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരില്‍ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നല്‍കിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.

കേരളം

ആധാർ പുതുക്കാത്തവർ ജാഗ്രതൈ; സൗജന്യമായി ചെയ്യാനുള്ള അവസരം ഇന്നു കൂടി മാത്രം.

ഇന്നു കൂടി മാത്രമാണ് സൗജന്യമായി ആധാർ പുതുക്കാൻ ശേഷിക്കുന്നത്. സെപ്റ്റംബർ 14  കഴിഞ്ഞാൽ ആധാർ പുതുക്കുന്നതിന് പണം നൽകേണ്ടതായി വരും. ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖ ആയതിനാൽ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണ്.  ഓരോ പത്ത് വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ പുതുക്കാൻ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്  ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം,  ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക.  പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. സെപ്റ്റംബർ 14 ന് ശേഷം പണം നൽകേണ്ടി വരും. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. ജനസംഖ്യാപരമായ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതൽ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനം.   പത്ത് വർഷം മുമ്പാണ് ആധാർ എടുത്തതെങ്കിൽ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകൾ എന്നിവ നൽകേണ്ടതായി വരും.  സാധാരണയായി ഇതിന് 100 രൂപ ഫീസ് നൽകണം. ഫിസിക്കൽ ആധാർ കേന്ദ്രങ്ങളിൽ 50 രൂപയും നൽകണം.