വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ഊർജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവർക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാർ എമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ സമർപ്പിക്കണമെന്നും സിയാൽ അധികൃതർ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, കളമശേരി മെഡിക്കൽ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.വിമാനത്താവളത്തിൽ 24 മണിക്കൂർ നിരീക്ഷണം തുടരും. തെർമൽ സ്കാനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവയും ഏർപ്പെടുത്താൻ തീരുമാനമായി.രോഗബാധയ്ക്ക് ശേഷം 2 മുതൽ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉൾപ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതൽ 50 ശതമാനം വരെയാണെന്നും യോഗത്തിൽ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.

കേരളം

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നൽകും’ എന്ന തരത്തിൽ തയ്യാറാക്കിയിരിക്കുന്ന കാർഡിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്സ്ആപ് കുടുംബ ഗ്രൂപ്പുകളിലും വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളിലുമാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. അധികാരത്തിൽ വന്ന പുതിയ യു.ഡി.എഫ് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുമെന്ന രീതിയിലാണ് കാർഡിന്റെ രൂപകൽപന. എന്നാൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതായി ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.പോസ്റ്ററിൽ വി.ഡി. സതീശന്റെ ചിത്രം ഉൾപ്പെടുത്തി ‘വലിയ പെരുന്നാൾ സമ്മാനം’ എന്ന തലക്കെട്ടോടെയാണ് പ്രചാരണം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന രാഷ്ട്രീയ പോസ്റ്റുകളും പ്രഖ്യാപനങ്ങളും വിശ്വസിക്കുന്നതിന് മുമ്പ് ഔദ്യോഗിക സ്രോതസ്സുകൾ പരിശോധിക്കണമെന്ന് സൈബർ വിദഗ്ധരും മാധ്യമ നിരീക്ഷകരും നിർദേശിക്കുന്നു. വ്യാജ കാർഡുകൾ, തിരുത്തിയ ചിത്രങ്ങൾ, തെറ്റായ അവകാശവാദങ്ങൾ എന്നിവ ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്തുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചതായും അവർ ചൂണ്ടിക്കാട്ടുന്നു.

കേരളം

സിൽവർലൈൻ റദ്ദാക്കി, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡ‌ി സതീശൻ. സിൽവർ ലൈൻ പദ്ധതി റദ്ദാക്കാനും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും തീരുമാനിച്ചതായി വിഡി സതീശൻ അറിയിച്ചു. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി,​ രണ്ടാം മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗികം അല്ലാത്തതു കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് സമ‌ർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെയാണ് നീട്ടിയത്. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങൾ വകുപ്പുകൾക്ക് വിഭജിച്ച് നൽകിയെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ മന്ത്രിസഭായോഗത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാനും ആശാവർക്കർമാരുടെ വേതനം 3000 രൂപ വർദ്ധിപ്പിക്കാനും വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് തുടങ്ങാനും തീരുമാനിച്ചിരുന്നു,​ ഇതിന് പിന്നാലെയാണ് രണ്ടാംമന്ത്രിസഭയിലെ പുതിയ ജനപ്രിയ തീരുമാനങ്ങൾ.

കേരളം

മേയ് മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ വിതരണം ചെയ്യും

മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ അനുവദിച്ചു. 25-ാം തീയതി മുതൽ പെൻഷൻ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേർക്കാണ് സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുന്നത്.

കേരളം

മെയ് 15ന് ശേഷം പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന് റിപ്പോര്‍ട്ട്; ഗ്യാസിനും വര്‍ധിക്കും

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും എണ്ണ വില ഉടന്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോര്‍ട്ട് ചെയ്തു. വര്‍ധന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വര്‍ധനവ് ഉണ്ടായേക്കാം. ഏകദേശം നാല് വര്‍ഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 2022 മുതല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ വലിയതോതില്‍ മരവിപ്പിച്ചിരിക്കുകയാണ്. ഓരോ മാസവും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഒഎംസികള്‍ നേരിടുന്നതെന്നും ചില്ലറ ഇന്ധന വിലയും വര്‍ദ്ധിച്ചുവരുന്ന ചെലവുകളും തമ്മിലുള്ള കടുത്ത പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച് വൃത്തങ്ങള്‍ പറഞ്ഞു. ഇറാനെതിരേ ഇസ്രായേല്‍-യുഎസ് ആക്രമണം തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയില്‍ കടുത്ത ആഘാതം നേരിട്ടിട്ടും, ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വര്‍ധിപ്പിച്ചിട്ടില്ല. മിഡില്‍ ഈസ്റ്റിലെ നീണ്ടുനില്‍ക്കുന്ന അസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയര്‍ന്നത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക്, യുദ്ധം മൂലം തടസ്സപ്പെട്ടിരിക്കുന്നത് ആഗോള ഊര്‍ജ്ജ വിതരണത്തിന് ആഘാതത്തിന് കാരണമായിരുന്നു. 

കേരളം

വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, നീക്കം തുടങ്ങി കെഎസ്ആര്‍ടിസി

സംസ്ഥാനത്ത് വനിതകള്‍ക്ക് സൗജന്യ ബസ് യാത്രയൊരുക്കുന്ന 'ഇന്ദിര ഗ്യാരണ്ടി' പദ്ധതിയില്‍ നീക്കം തുടങ്ങി കെഎസ്ആര്‍ടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്‍ എംഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ 'ജെന്‍ഡര്‍ ടിക്കറ്റിംഗ്' സംവിധാനം പ്രാബല്യത്തില്‍ വരും. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരില്‍ 19 ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരന്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനില്‍ രേഖപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാങ്കേതിക മാറ്റങ്ങള്‍ പരിചയപ്പെടുത്താന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസര്‍മാര്‍ ഇതിന് മേല്‍നോട്ടം വഹിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുന്നതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്.  

കേരളം

പാചകവാതക വിലവർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ 24 മണിക്കൂർ അടച്ചിടും

തിരുവനന്തപുരം : പാചക വാതക വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ ഇന്ന് 24 മണിക്കൂർ അടച്ചിടും. കേരള ഹോട്ടൽ ആന്റ് റസ്റ്റൊറന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ എന്നിവ പ്രതിഷേധത്തിൽ പങ്കെടുക്കും. വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫിസുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. അതേസമയം അസോസിയേഷന്റെ ഭാ​ഗമല്ലാത്ത ഹോട്ടലുകൾ തുറന്നിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കൂട്ടുകയായിരുന്നു. ഇതോടെ ഹോട്ടലുകളും റസ്റ്റൊറന്റുകളും പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകൾ അടച്ചിട്ടിരുന്നു. ഇതിനിടെയാണ് വാണിജ്യ ​സിലിണ്ടറുകളുടെ വിലക്കയറ്റം. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയുടെ വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് നാല് മാസത്തിനിടെ 1,444 രൂപയുടെ വര്‍ധനയാണുണ്ടായത്. നിലവിൽ കൊച്ചിയില്‍ സിലിണ്ടറിന് 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117 രൂപയുമാണ്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രിൽ ഒന്നിന് 200 രൂപയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് 1000 രൂപക്കടുത്ത് കൂട്ടിയത്.

കേരളം

പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു

നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാല,പിണറായി വിജയന്‍ രാജിവെച്ചു. കണ്ണൂരിലെ വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. ഗവര്‍ണര്‍ രാജി സ്വീകരിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച സജീവമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തും. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.