കേരളം

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ചു; ഇനി 40 വയസ്സുവരെ അപേക്ഷിക്കാം

തിരുവനന്തപുരം: പിഎസ്‌സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായപരിധിയില്‍ നാല് വര്‍ഷത്തെ വര്‍ദ്ധനവ് വരുത്തി. ജനറല്‍ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, പിഎസ്സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.