ഒരാഴ്ച മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്ന തക്കാളിയുടെ വിലയിപ്പോൾ 50ലെത്തി. വില ഉയർന്ന് നിന്നപ്പോൾ ചില സ്ഥലങ്ങളിൽ 160 രൂപ വരെ വാങ്ങിയിരുന്നു. തക്കാളിക്കൊപ്പം മറ്റ് പച്ചക്കറികൾക്കും വില ഗണ്യമായി കുറഞ്ഞു. ബീൻസ് 80ൽനിന്ന് 50ഉം പച്ചമുളക് 80ൽനിന്ന് 60ഉം വെണ്ടക്ക 60ൽനിന്ന് 35 രൂപയുമായി കുറഞ്ഞു. കാരറ്റ് വില കുറയാതെ 80 രൂപയിൽ നിൽക്കുകയാണ്
എന്നാൽ വിലയിൽ മുന്നിലുള്ള ഇഞ്ചിയ്ക്ക് കാര്യമായ കുറവില്ല. ഒരു കിലോയ്ക്ക് 220 രൂപയാണ് വില. ഒരാഴ്ച മുമ്പ് 240 ആയിരുന്നു. ഏറ്റവും വില കുറവ് വെള്ളരിയ്ക്കാണ്. ഒരുകിലോ വെള്ളരിക്ക് 20 രൂപയാണ്. അതേസമയം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ഇവിടെ അപ്രതീക്ഷിതമായി പെയ്ത മഴയിൽ കനത്ത കൃഷിനാശം സംഭവിച്ചതാണ് പച്ചക്കറികളുടെ വില വലിയ തോതിൽ വർദ്ധിക്കാൻ കാരണമായത്. എന്നാൽ, ഓണ വിപണി ലക്ഷ്യമിട്ടുള്ള കൃഷിയിൽ നിന്നുള്ള ഉല്പാദനം വർദ്ധിച്ചതോടെ പച്ചക്കറികളുടെ വില കുറയാൻ തുടങ്ങിയത് ആശ്വാസകരമാണ്