ന്യൂഡൽഹി: ആധാർ സംവിധാനം കൂടുതൽ സുരക്ഷിതവും സൗകര്യ പ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ആധാർ ആപ്പ് പുറത്തിറക്കി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഫെയ്സ് ഐഡി ഓതന്റിക്കേഷനും നിർമിത ബുദ്ധിയും അടങ്ങുന്ന ഡിജിറ്റൽ ആധാർ പൗരൻമാർക്കു ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് പുറത്തിറക്കിയത്.
യൂനിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുമായി സഹകരിച്ച് നിർമിച്ച ഈ ആപ്ലിക്കേഷൻ ക്യു.ആർ കോഡ് വെരിഫിക്കേഷൻ, ഫേസ് ഐഡി ഓതന്റിഫിക്കേഷൻ എന്നീ സൗകര്യങ്ങളാണുള്ളത്. ഇതിലൂടെ ആധാർ പകർപ്പുകൾ കൈയിൽ കൊണ്ടു നടക്കുന്നതിനുള്ള ബുദ്ധി മുട്ടൊഴിവാക്കാം.
യു.പി.ഐ പണമിടപാടു പോലെ തന്നെ ആധാർ വെരിഫിക്കേഷനും ഇനി എളുപ്പമാകും എന്നാണ് മന്ത്രി പറയുന്നത്. ആധാർ ആപ്പ് വരുന്നതോടെ യാത്ര ചെയ്യുമ്പോഴും, ഹോട്ടൽ ചെക്-ഇന്നിനുമൊന്നും ഇനി പകർപ്പ് നൽകേണ്ടി വരില്ല. ഉടൻതന്നെ ദേശീയ തലത്തിൽ ആപ്പ് വ്യാപകമാക്കുമെന്ന് മന്ത്രി സാമൂഹ്യ മാധ്യമമായ എക്സിൽ കുറിച്ചു.