കേരളം

500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാന്‍ കെ എസ് ആര്‍ ടി സി

തിരുവനന്തപുരം: 500 രൂപക്ക് സ്‌കൂള്‍ വിദ്യാര്‍ഥികളെ ടൂറിന് കൊണ്ടുപോകാനുള്ള പുതിയ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കടത്തില്‍ മുങ്ങിയ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിയുമായി കോർപറേഷൻ രംഗത്തെത്തിയത്.സ്‌കൂളിന് സമീപത്തെ വ്യവസായ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് പ്രോഗ്രാമിനാണ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പദ്ധതിയിടുന്നത്.

ഉച്ചഭക്ഷണമടക്കം 500 രൂപയെന്ന മികച്ച പാക്കേജാണ് മന്ത്രി പ്രഖ്യാപിച്ചത്. രാവിലെ പുറപ്പെട്ട് വൈകിട്ട് തിരികെ എത്തുന്ന രീതിയിലാണ് ടൂര്‍ ക്രമീകരിക്കുക. വ്യവസായ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനം ഉപയോഗിക്കും. അടുത്തഘട്ടത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ഈ സേവനം ലഭ്യമാക്കും.