വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ എട്ട് ജില്ലകളിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ. കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

കേരളം

മുല്ലപ്പെരിയാറിൽ ജലബോംബ്, പുതിയ ഡാം വേണം'; പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഡീൻ കുര്യാക്കോസ്

  മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ഡീൻ കുര്യാക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി കേന്ദ്ര സർക്കാർ ഇക്കാര്യം സംസാരിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണകെട്ടിൻ്റെ സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ വലിയ അപകടത്തിലാണെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും ലക്ഷകണക്കിന് ജനങ്ങൾക്ക് ഭീഷണിയുള്ള ഈ വിഷയം  സഭ നടപടി ക്രമങ്ങൾ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. വയനാട്ടിൽ അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ 500 ഓളം പേരുടെ ജീവനാണ് കവർന്നതെന്നും ഒരു ഗ്രാമത്തെ പോലും ഇല്ലാതാക്കുകയും ചെയ്യുകയുണ്ടായി. കേരളത്തിലെ 5 ജില്ലകളിലായി 5 ദശലക്ഷം ജനങ്ങൾക്ക് ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ പ്രശ്നം സഭ ഗൗരവമായി തന്നെ ചർച്ച ചെയ്യെണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

കേരളം

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണവില ഇടിഞ്ഞ സാഹചര്യത്തില്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയും കുറഞ്ഞേക്കാം. വെള്ളി ഗ്രാമിന് 91.10 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 728.80 രൂപയും, 10 ഗ്രാമിന് 911 രൂപയുമാണ്. വെള്ളി കിലോയ്ക്ക് 91,100 രൂപയാണ്. അതേസമയം ആഗോള വിപണില്‍ സ്വര്‍ണവില മുകളിലോട്ടാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണവിലയില്‍ 4.78 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി. സ്വര്‍ണം ഔണ്‍സിന് 2,409.36 ഡോളറാണ്.  

കേരളം

മണ്ണെടുത്തവർ മണ്ണിലേക്ക്; പുത്തുമലയിൽ കൂട്ടസംസ്കാരം, സ‍ർവമത പ്രാർഥനയോടെ വിട ചൊല്ലി നാട്

വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158 ശരീരഭാ​ഗങ്ങളുമാണ് ഇന്ന് സംസ്കരിക്കുന്നത് .വിവിധ ഘട്ടങ്ങളിലായി ആംബുലൻസിൽ മൃതദേഹങ്ങൾ പുത്തുമലയിലേക്ക് എത്തിച്ചാണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത്. ആദ്യം ക്രൈസ്തവ മതാചാരപ്രകാരവും പിന്നീട് ഹൈന്ദവ മതാചാര പ്രകാരവും ഇസ്ലാം മതാചാര പ്രകാരവും പ്രാർത്ഥനകളും അന്ത്യോപചാരവും നൽകിയാണ് ഓരോന്നും അടക്കം ചെയ്യുന്നത്. ഇന്നലെ പകൽ മുഴുവൻ നീണ്ട സജ്ജീകരണങ്ങൾക്ക് ശേഷമാണ് ഇന്ന് സംസ്കാരം നടത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സജീവമായി സന്നദ്ധപ്രവർത്തകരും രം​ഗത്തുണ്ട്. അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 396 ആയി. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

കേരളം

ആഗസ്റ്റ് 6, 7 തീയ്യതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കെഎസ്ഡിഎംഎം

2024 ആഗസ്റ്റ് 6, 7 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ജാഗ്രാതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം. പട്ടം പറത്തുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

കേരളം

മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഇന്ന് 51,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6470 രൂപ നല്‍കണം.  ജൂലൈ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. ദിവസങ്ങള്‍ക്കകം ഏകദേശം 4500 രൂപയാണ് ഇടിഞ്ഞത്. പിന്നീട് വില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഒന്‍പത് ദിവസത്തിനിടെ 1440 രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം നേരിയ തോതില്‍ വില കുറഞ്ഞത്.

കേരളം

ഐഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ഗുരുതര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആപ്പിളിൻ്റെ വിവിധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് സെർട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ ആപ്പിൾ സോഫ്‌റ്റ്‌വെയറുകളിലുള്ള തകരാറുകൾ മറികടക്കാൻ ആവശ്യമായ പരിഹാര നിർദേശങ്ങളും കേന്ദ്ര ഏജൻസി നൽകി. ആപ്പിൾ ഉപകരണങ്ങളിലേക്ക് ആക്സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും കഴിയുന്നതാണ് തകരാറുകൾ. തന്ത്രപ്രധാനമായ വിവരങ്ങള്‍ മനസിലാക്കാനും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കര്‍മാര്‍ക്ക് ഈ തകരാറുകള്‍ ഉപയോഗിക്കാനാകുമെന്ന് കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. ഉപകരണത്തിൽ നിന്നും വിവരങ്ങൾ ചോർത്താനും ഉപയോക്താവ് കബളിപ്പിക്കപ്പെടാനുമുള്ള സാധ്യതകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ ആപ്പിൾ നൽകുന്ന എല്ലാ നിർദേശങ്ങളും കൃത്യമായി പരിശോധിക്കണമെന്നും അവ പാലിക്കണമെന്നും ഉപയോക്താക്കളോട് സിഇആർടി നിര്‍ദേശിച്ചു. പരിചിതമല്ലാത്ത വെബ്സൈറ്റുകള്‍, ലിങ്കുകള്‍, ഫയലുകള്‍ എന്നിവ ആക്സസ് ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. ആപ്പിളിൻ്റെ എല്ലാ സുരക്ഷാ അപ്ഡേറ്റുകകളും കൃത്യസമയത്ത് പുതുക്കുകയും വേണം. ഡാറ്റാ ചോർച്ചയും മറ്റ് അപകടങ്ങളും ഒഴിവാക്കാന്‍ കമ്പനി ലിസ്റ്റുചെയ്തിരിക്കുന്ന ആവശ്യമായ സോഫ്റ്റ്‍വെയര്‍ അപ്ഡേറ്റുകള്‍ മാത്രം ഉപയോഗിക്കണമെന്ന നിർദേശവും കേന്ദ്ര ഏജൻസികൾ നൽകുന്നു. അതേസമയം, ആപ്പിൾ കമ്പനി ഈ സുരക്ഷാ തകരാറുകൾ സംബന്ധിച്ച് സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ മേയ് മാസത്തിൽ ഐഫോണ്‍, ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സമാനമായ മുന്നറിയിപ്പ് സെർട്ട് നൽകിയിരുന്നു. പുതിയ സുരക്ഷാവീഴ്ച ബാധിക്കുന്ന സോഫ്‌റ്റ്‌വെയറുകളും ആപ്പിൾ ഉൽപന്നങ്ങളും 17.6-ന് മുമ്പുള്ള Apple iOS പതിപ്പുകളും 17.6-ന് മുമ്പുള്ള iPadOS പതിപ്പുകളും 16.7.9-ന് മുമ്പുള്ള Apple iOS പതിപ്പുകളും 16.7.9-ന് മുമ്പുള്ള iPadOS പതിപ്പുകളും 14.6-ന് മുമ്പുള്ള Apple macOS Sonoma പതിപ്പുകൾ 13.6.8-ന് മുമ്പുള്ള Apple macOS Ventura പതിപ്പുകൾ 12.7.6-ന് മുമ്പുള്ള Apple macOS Monterey പതിപ്പുകൾ 10.6-ന് മുമ്പുള്ള Apple watchOS പതിപ്പുകൾ 17.6-ന് മുമ്പുള്ള Apple tvOS പതിപ്പുകൾ 1.3-ന് മുമ്പുള്ള Apple visionOS പതിപ്പുകൾ 17.6-ന് മുമ്പുള്ള ആപ്പിൾ സഫാരി പതിപ്പുകൾ

കേരളം

കുഞ്ഞുമക്കളോട് ദുരന്തത്തെക്കുറിച്ച് ചോദിക്കരുതേ…’; മാധ്യമങ്ങളോട് ആരോഗ്യമന്ത്രിയുടെ അഭ്യർത്ഥന

സജീവ മാധ്യമപ്രവർത്തനം വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയ വീണ ജോർജ് എംഎൽഎ ആയതും മന്ത്രിസ്ഥാനത്തേക്ക് എത്തിയതുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്നാൽ അതിന് ശേഷം മാധ്യമങ്ങളുമായി പഴയതുപോലെ അടുപ്പം പുലർത്താൻ വീണക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി വാർത്തകളുടെ പേരിൽ കൊമ്പുകോർക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ ഏത് ആശയവിനിമയവും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ നേരിട്ട് സംബോധന ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് ആരോഗ്യമന്ത്രിയുടേതായി ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്. ദുരന്തസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ചാനലുകളടക്കം മാധ്യമങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് മന്ത്രിയെന്ന നിലയിൽ വീണ ജോർജ് ഓർമിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാംപിലും മറ്റും കഴിയുന്ന കുഞ്ഞുങ്ങളെ സമീപിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന നിലയിൽ മന്ത്രി ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം പ്രസക്തമാണ്. ദുരന്തത്തെ അതിജീവിച്ച കുട്ടികളോട് അവയെക്കുറിച്ച് വീണ്ടും ചോദിച്ച് വേദനിക്കുന്ന കാര്യങ്ങൾ ഓർമിപ്പിക്കാതിരിക്കുക. ദുരന്തത്തിൽ മരിച്ചുപോയ സഹപാഠികളെക്കുറിച്ചോ തകർന്ന സ്കൂളിനെക്കുറിച്ചോ ചോദിക്കാതിരിക്കുക…. തുടങ്ങി, കുട്ടികളുടെ വീഡിയോ ചിത്രീകരിക്കും മുൻപ് മാതാപിതാക്കളുടെ അനുവാദം വാങ്ങുക എന്നിങ്ങനെ സുപ്രധാന നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ദുരന്തത്തെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുട്ടികളടക്കം ഉള്ളവരോട് ഇത്തരം കാര്യങ്ങൾ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇനിയവ ഒഴിവാക്കാനുള്ള അഭ്യർത്ഥന. പൊതുവിൽ മാധ്യമങ്ങൾ അഭിനന്ദനാർഹമായ നിലയിലാണ് വയനാട്ടിൽ നിന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന മുഖവുരയോടെയാണ് ആരോഗ്യമന്ത്രിയുടെ കുറിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം) മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക. ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കും.