വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

'കുറഞ്ഞ നിരക്കിൽ ഫോൺ റീച്ചാർജ് ചെയ്യാം', ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

മൊബൈൽ ഫോൺ കുറഞ്ഞ നിരക്കിൽ റീച്ചാർജ് ചെയ്യാം എന്ന പേരിൽ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് കേരള പൊലീസ്. 'ഇത്തരം വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു.  തുടർന്ന് റീചാർജിങിനായി യുപിഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം.'- കേരള പൊലീസ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. കുറിപ്പ്: മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോൺ പേ, ഗൂഗിൾ പേ, പേടിഎം മുതലായ ആപ്പുകളിലേയ്ക്കു പ്രവേശിക്കുന്നു. തുടർന്ന് റീചാർജിങിനായി യു.പി.ഐ പിൻ നൽകുന്നതോടെ പരാതിക്കാരന് തൻറെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു.ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ തീർച്ചയായും അവഗണിക്കണം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിനെ അറിയിക്കണം.  

കേരളം

തുലാവർഷം ശക്തിപ്രാപിക്കുന്നു, കേരളത്തിൽ ഇടിമിന്നലോടെ മഴക്ക് സാധ്യത, ഭീഷണിയായി 3 ചക്രവാതചുഴി;

തിരുവനന്തപുരം:തുലാവർഷം നവംബറിൽ ശക്തിപ്രാപിക്കുമെന്ന പ്രവചനങ്ങൾക്ക് പിന്നാലെ കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 3 ചക്രവാതിചുഴികളുടെ സാന്നിധ്യം കേരളത്തിൽ മഴ ശക്തമാക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഇത് പ്രകാരം അടുത്ത ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ നവംബർ എട്ട്, ഒൻപത് തീയതികളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കേരളം

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതി; മന്ത്രി കെ ബി ഗണേഷ്കുമാർ

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ ലൈസൻസ് കാണിച്ചാലും മതിയെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ഡിജിറ്റൽ ലൈസൻസ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ പിഴ ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ലൈസെൻസ് ഡിജിറ്റലാക്കിയിട്ടുണ്ട്. അതിന് വിരുദ്ധമായി ഉദ്യോഗസ്ഥർ ഇനി പ്രവർത്തിക്കരുത്. ഇന്ത്യയിൽ മൂന്നു സംസ്ഥാനങ്ങളിൽ മാത്രമേ ഡിജിറ്റൽ ലൈസൻസ് ഉള്ളൂവെന്നും കേരളത്തിൽ ലൈസൻസ് കിട്ടാൻ വൈകുന്നു എന്ന പരാതികൾ ഉണ്ടായിരുന്നു ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് പുതിയ തീരുമാനമെന്നും  ആർസി ബുക്കും ഉടൻ ഡിജിറ്റലാക്കുമെന്നും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു. ദീർഘദൂര യാത്രികർക്കായി കെഎസ്ആർടിസി കണ്ടെത്തിയ ഹോട്ടലുകളിൽ അൽപം നിരക്ക് കൂടുതലായാലും നല്ല ഭക്ഷണം ഒരുക്കണമെന്നും കൃത്യമായ മാനദണ്ഡം ഇക്കാര്യത്തിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. വിമർശിച്ച് ആരും സമയം കളയണ്ട. യാത്രക്കാരുടെ ദുരിതം അറിഞ്ഞാണ് തീരുമാനം എടുത്തത്. മന്ത്രിയുടെ ഫോട്ടോ പത്രത്തിൽ വരാൻ അല്ല ബസ് സന്ദർശിച്ചതെന്നും മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.  

കേരളം

ഇനി റേഷൻ കാർഡ് മസ്റ്ററിങ് മൊബൈലിലും ചെയ്യാം ; നവംബർ 11 മുതൽ മൊബൈൽ ആപ്പ് പ്രാബല്യത്തിലെത്തും

മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇകെവൈസി അപ്ഡേഷന് ഇനി മുതൽ മൊബൈൽ ആപ്പുവഴിയും അവസരം. നവംബർ 11 മുതൽ ആപ്പ് വഴിയുള്ള മസ്റ്ററിങ് പ്രാബലത്തിൽ വരും. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്ന് മേരാ കെവൈസി എന്ന മൊബൈൽ ആപ്പ് ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെയാണ് വികസിപ്പിച്ചത്.   സംസ്ഥാനത്ത് 19,84,134 എഎവൈ കാർഡ് അംഗങ്ങളിൽ 16,75,686 പേരും (84.45 ശതമാനം) പിഎച്ച്എച്ച് വിഭാഗത്തിലുള്ള 1,33,92,566 അംഗങ്ങളിൽ 1,12,73,363 പേരും (84.18 ശതമാനം) മസ്റ്ററിങ് പൂർത്തികരിച്ചു. മസ്റ്ററിങ് 30 വരെ തുടരും.  

കേരളം

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; സര്‍ക്കാര്‍ ഉത്തരവിറക്കി

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കി. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇക്കാര്യങ്ങൾ സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിൽ ഓഫീസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.  

കേരളം

നീലേശ്വരത്ത് വെടിക്കെട്ടപകടം; 154 പേര്‍ക്ക് പരിക്ക്; 15 പേരുടെ നില ഗരുതരം

കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം. ഇത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.20നാണ് അപകടമുണ്ടായത്. 154 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.15 പേരുടെ നില ഗുരുതരമാണ്. 97 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.

കേരളം

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി

റേഷൻ കാർഡ് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി. മുൻഗണന വിഭാഗത്തിൽപ്പെട്ട മുഴുവൻ ആളുകൾക്കും റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള സമയം നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. പിങ്ക് വിഭാഗത്തിൽ പെട്ട 83.67 ശതമാനം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ഇ കെവൈസി അപ്ഡേഷനുള്ള സമയപരിധി ഒക്ടോബർ 25ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും 16 ശതമാസത്തോളം വരുന്ന മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിംഗ് പൂർത്തികരിക്കാൻ ഉള്ളതായി കാണുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ മസ്റ്ററിംഗ് 2024 നവംബർ 5 വരെ നീട്ടാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മസ്റ്ററിംഗ് പൂർത്തീകരിക്കുന്ന പ്രവർത്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. *

കേരളം

ദാന' ചുഴലി പ്രഭാവം കേരളത്തിലും! 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 7 ജില്ലയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :'ദാന' ചുഴലിക്കാറ്റിന്റെ  പ്രഭാവത്തിൽ കേരളത്തിൽ വീണ്ടും അതിശക്ത മഴ. ഇത് പ്രകാരം രാത്രി പുറത്തിറക്കിയ അറിയിപ്പിൽ 4 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് അതിശക്ത മഴ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.