കേരളം

പലസ്തീൻ ഐക്യദാർഢ്യ മൈം: കാസർകോട് സ്കൂളിൽ കലോത്സവം നിർത്തിവച്ചു

കാസർകോട്: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം അവതരിപ്പിച്ചതിനെ തുടർന്ന് കാസർകോട് കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കലോത്സവം തടസ്സപ്പെടുകയും തുടർന്ന് നിർത്തിവെക്കുകയും ചെയ്തു. വിദ്യാർത്ഥികൾ സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന മൈം പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ ഒരു അധ്യാപകൻ കർട്ടിൻ താഴ്ത്തിയതാണ് വിവാദത്തിന് കാരണമായത്.

പലസ്തീൻ വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു മൈം. ഒരു പിഞ്ചു കുഞ്ഞ് മരിച്ചു വീഴുന്നതും ആ കുട്ടിയെ എടുത്ത് സ്റ്റേജിന്റെ മുൻപിൽ കൊണ്ടുവരുന്നതുമായ രംഗമാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. പ്രകടനം പെട്ടെന്ന് നിർത്തിവെച്ചതോടെ ഇന്നത്തെ കലോത്സവ പരിപാടികൾ മാറ്റിവെച്ചതായി വിദ്യാർത്ഥികൾ അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് (MSF) രംഗത്തെത്തി. മൈം നിർത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എം.എസ്.എഫ് പ്രവർത്തകർ കുമ്പള ഹയർസെക്കൻഡറി സ്കൂളിലേക്ക് മാർച്ച് നടത്തി.