ന്യൂഡൽഹി: പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി. ഏപ്രിൽ 8 (ചൊവ്വ) മുതലാണ് പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഉപഭോക്താക്കൾക്ക് ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്ക് പിന്നാലെ ആഗോള എണ്ണവിലയിൽ ഇടിവുണ്ടായിരുന്നു. തുടർന്ന് ഇന്ത്യയിൽ ഇന്ധനവില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കേന്ദ്രം എക്സൈസ് ഡ്യൂട്ടി കൂട്ടിയത്. ക്രൂഡ് വില 4 വർഷത്തെ താഴ്ചയായ 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. നിലവിൽ കേരളത്തിൽ (തിരുവനന്തപുരം) പെട്രോളിന് ലിറ്ററിന് 107.48 രൂപയും ഡീസലിന് ലിറ്ററിനു 96.48 രൂപയുമാണു വില.
"പെട്രോളിനും ഡീസലിനും എക്സൈസ് നിരക്ക് രണ്ട് രൂപ വർധിപ്പിച്ചതായി ധനകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഒരു അറിയിപ്പ് നിങ്ങൾ കണ്ടിരിക്കാം. ഇത് ഉപഭോക്താവിലേക്ക് കൈമാറുന്നില്ലെന്ന് ഞാൻ മുൻകൂട്ടി വ്യക്തമാക്കാം."- കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.