ഈരാറ്റുപേട്ട : സീറോ മലബാർ സഭയുടെ സമുദായ ശക്തീകരണ പാലാ രൂപതാതല സമ്മേളനങ്ങൾക്ക് അരുവിത്തുറയിൽ തുടക്കമായി. സമുദായത്തിൻ്റെ നിലനില്പിന് ഐക്യം അനിവാര്യമാണെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അരുവിത്തുറ പള്ളിയങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത സമുദായ ശക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. അരുവിത്തുറയുടെ ശക്തിയും പാരമ്പര്യ സ്രോതസ്സുകളും അഭി. പിതാവ് പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ഐക്യം വളർച്ചയാണ്, ഐക്യത്തിൽ വളരാത്ത ഒരു സമുദായത്തിനും നിലനിൽപ്പില്ലെന്ന് ബിഷപ്പ് പറഞ്ഞു.
അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാലാരൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ, പാലാ രൂപതാ സിഞ്ചെല്ലൂസ് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, പിതൃവേദി പാലാ രൂപതാ പ്രസിഡൻ്റ് ജോസ് തോമസ് മുത്തനാട്ട്, ഡോ. സിമിമോൾ സെബാസ്‌റ്റ്യൻ, സീറോ മലബാർ സമുദായ ശക്തീകരണ കോർഡിനേറ്റർ റവ. ഫാ. സിറിൽ തോമാസ് തയ്യിൽ അരുവിത്തുറ ഫൊറോന പള്ളി ട്രസ്റ്റി ജോർജ് കെ.വി കല്ലും തലയ്ക്കൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. മാതൃവേദി ഗ്ലോബൽ ജനറൽ സെക്രട്ടറി സിജി ലൂക്സൺ സമുദായ പ്രതിജ്ഞ ചൊല്ലി കൊടുത്തു.









