പ്രാദേശികം

വ്രത ശുദ്ധിയോടെ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു. 

റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു. 

 

നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു. 

നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി. 

വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി. 

എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.