ഈരാറ്റുപേട്ട: നഗരസഭ സംഘടിപ്പിച്ച നഗരോത്സവത്തിലെ കണക്കുകൾ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട വെൽഫെയർ പാർട്ടിക്കുമേൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് ഉന്നയിച്ച ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും അവ സത്യസന്ധമായാണ് ഉന്നയിച്ചതെങ്കിൽ പുറത്തുവിടാൻ തയാറാകണമെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടിയുടെ കൗൺസിലർമാർ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ചെയർപേഴ്‌സനും വൈസ് ചെയർമാനും അത് ഇത്രയും കാലം മറച്ചുവെച്ചത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. നഗരോത്സവത്തിന്റെ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെടുമ്പോഴല്ല, പണ്ടെപ്പോഴോ അഴിമതി നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി വരേണ്ടത്. അത് സമയബന്ധിതമായി മുന്നണിയേയും പാർട്ടിയേയും അറിയിക്കേണ്ടതായിരുന്നുവെന്നും പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് ഈരാറ്റുപേട്ട പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നഗരോത്സവ നടത്തിപ്പിൽ ക്രമക്കേടുകൾ ഉണ്ടെന്ന് പൊതുജനങ്ങൾക്കിടയിൽനിന്ന് ഉയർന്നുവന്ന ആശങ്കകൾ കണക്കുകൾ സുതാര്യമാക്കി പരിഹരിക്കണമെന്ന തികച്ചും ന്യായമായ ആവശ്യമാണ് വെൽഫെയർ പാർട്ടി ഉന്നയിച്ചത്. ഇക്കാര്യം മുന്നണി യോഗത്തിൽ അവതരിപ്പിക്കണമെന്നായിരുന്നു വൈസ് ചെയർമാൻ പത്രസമ്മേളനത്തിൽ പറഞ്ഞത്.
എന്നാൽ, പ്രാദേശികമായ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിൽ യു.ഡി.എഫുമായി സഹകരിച്ച് ഭരണം പങ്കിടുന്ന വെൽഫെയർ പാർട്ടി എന്നും മുന്നണി മര്യാദകൾ പാലിച്ചിട്ടുണ്ടെന്നും, നഗരോത്സവവുമായി ബന്ധപ്പെട്ട് ഒരിക്കൽ പോലും യു.ഡി.എഫ് മീറ്റിംഗുകൾ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു. മുന്നണിയിലെ മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കൾ പോലും തങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരോത്സവത്തിന്റെ പൂർണമായ കണക്കുകൾ പുറത്തുവിട്ട് നടത്തിപ്പിൽ ക്രമക്കേടുകൾ ഉണ്ടെന്ന ആരോപണത്തിന് മറുപടി നൽകാൻ സംഘാടകർ തയാറാകുമെന്നാണ് വെൽഫെയർ പാർട്ടി വിശ്വസിക്കുന്നത്.
നഗരസഭാ കൗൺസിലർ എസ്.കെ. നൗഫൽ, വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ, മുനിസിപ്പൽ വൈസ് പ്രസിഡന്റ് ഫിർദൗസ് റഷീദ്, കമ്മിറ്റിയംഗം വി.എം. ഷെഹീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.