പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭയിലെ പുതിയ ട്രാഫിക് പരിഷ്കരണം 12 മുതൽ നടപ്പാകും

ഈരാറ്റുപേട്ട: നഗരത്തിലെ കീറാമുട്ടിയായ ട്രാഫിക് പ്രശ്‌നത്തിന് പരിഹാരമായി പുതിയ പരിഷ്‌കാരം 12-ാം തീയതി മുതൽ നിലവിൽ വരും. നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടും, ട്രാഫിക്ക് നിയമലംഘനവുമായി ബന്ധപ്പെട്ടും നിരന്തരമായി പൊതുജനങ്ങൾ, ടൂറിസ്റ്റുകൾ, കച്ചവടക്കാർ, തൊഴിലാളികൾ തുടങ്ങിയ വിവിധ മേഖലകളിലുളളവരിൽ നിന്നുമായി നിരന്തരമായി പരാതികൾ ഉയരുന്നതാണ്. പലതവണ നടപടികളെടുത്തിട്ടും പ്രശ്‌നം ശാശ്വാതമായി പരിഹരിക്കുവാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഓഗസ്റ്റ് 22 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടേയും നഗരസഭാ ചെയർപേഴ്‌സൺ ഉൾപ്പെടെയുളള മുഴുവൻ കൗൺസിലർമാരുടെയും, വിവിധ രാഷ്ട്രീയ, സാമൂഹിക, വ്യാപാര ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും സംയുക്തയോഗവും 25 ന് ചേർന്ന സ്‌പെഷ്യൽ മുനിസിപ്പൽ കൗൺസിൽ യോഗവും ഇതുമായി ബന്ധപ്പെട്ട് നടന്ന വിവിധ ചർച്ചകളിലൂടെയും താഴെപ്പറയുന്ന ട്രാഫിക് പരിഷ്‌കരണ തീരുമാനങ്ങൾ സെപ്റ്റംബർ 12 രാവിലെ 10.00 മണി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചു.പുതിയ പരിഷ്‌കരണത്തിന്റെ ഉദ്ഘാടനം എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും.

പുതിയ ട്രാഫിക് പരിഷ്‌കരണം വിജയകരമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചുവരികയാണെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. പുതിയ പരിഷ്‌കരണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് 2000 നോട്ടീസുകൾ നാളെ ടൗണിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുജനങ്ങൾക്കും വിതരണം ചെയ്യും. നിരീക്ഷണത്തിന് ആവശ്യമായ നാല് നിരീക്ഷണ ക്യാമറകൾ പോലീസ് നിർദ്ദേശം അനുസരിച്ച് സ്ഥാപിക്കുന്നതാണ്. ഈ ക്യാമറയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് ഗതാഗത ലംഘനത്തിനുള്ള ഫൈൻ ഈടാക്കുന്നതാണ്. കൂടാതെ ഡിവൈഡറുകളും സൂചന ബോർഡുകളും ഈയാഴ്ച തന്നെ സ്ഥാപിക്കുന്നതാണ്. നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്ന കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.  പുതിയ ഗതാഗത പരിഷ്‌കരണങ്ങൾ വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണങ്ങൾ ഉണ്ടാവണമെന്ന് സുഹ്‌റ അബ്ദുൽ ഖാദർ അഭ്യർഥിച്ചു. 

പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ

 1.⁠ ⁠മാർക്കറ്റ് റോഡ് വിൻമാർട്ട് ജംഗ്ഷനിൽ നിന്നും കുരിക്കൾ നഗർ ഭാഗത്തേയ്ക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.

 2.⁠ ⁠വിൻമാർട്ട് റോഡിലെ പാർക്കിംഗ് ഒഴിവാക്കുന്നതിന് തീരുമാനിച്ചു.

 3.⁠ ⁠തെക്കേക്കര കോസ് വേയിൽ നിന്നും ടൗണിലേയ്ക്കും, പൂഞ്ഞാർ, തീക്കോയി ഭാഗത്തേക്കും വരുന്ന വാഹനങ്ങൾ കുരിക്കൾ നഗർ ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സെൻട്രൽ ജംഗ്ഷൻ ചുറ്റി മാർക്കറ്റ് ഭാഗത്തേയ്ക്കും, െ്രെപവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തേക്കും പോകേണ്ടതാണ്.

 4.⁠ ⁠തെക്കേക്കര കോസ് വേയിൽ കുരിക്കൾ നഗറിൽ നിന്നും മുഹയുദ്ദീൻ പള്ളി ജംഗ്ഷൻ വരെ ടൂവീലർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ച്, വൺവേ ഏർപ്പെടുത്തുന്നതിനും മഞ്ചാടിതുരുത്ത് പൊതുപാർക്കിംഗ് ആയി മാറ്റുന്നതിനും തീരുമാനിച്ചു. 

 5.⁠ ⁠കാഞ്ഞിരപ്പളളി, തൊടുപുഴ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ കുരിക്കൾ നഗർ സ്‌റ്റോപ്പിൽ ആളെ കയറ്റുകയോ, ഇറക്കുകയോ ചെയ്യാൻ പാടില്ല. പാലാ ഭാഗത്ത് നിന്ന് വരുന്ന ബസ്സുകൾ മാത്രം ആളുകളെ ഇറക്കുന്നതിനായി കുരിക്കൾ നഗർ ബസ്
സ്‌റ്റോപ്പ് ഉപയോഗിക്കുക, ഈ സ്‌റ്റോപ്പിൽ നിന്നും ഒരു ബസ്സുകളും യാത്രക്കാരെ കയറ്റുവാൻ പാടില്ല.
ഇത് കെ.എസ്.ആർ.റ്റി.സി. ഉൾപ്പെടെയുള്ള മുഴുവൻ
ബസ്സുകൾക്കും ബാധകമാണ്. 

 6.⁠ ⁠മാർക്കറ്റ് റോഡ് ഉൾപ്പെടെ മുഴുവൻ റോഡുകളിലും ഫുട്ട്പാത്തിലേക്കും റോഡിലേക്കും സാധനങ്ങൾ ഇറക്കിവച്ച് കച്ചവടം ചെയ്യാൻ പാടില്ലാത്തതും, ഗ്രില്ലിട്ടടച്ച്, പാസ്സേജ്, സ്‌റ്റെപ്പ് ഉപയോഗിക്കുന്നവർ അടിയന്തിരമായി ഇവ ഒഴിവാക്കേണ്ടതുമാണ്.

 7.⁠ ⁠കാഞ്ഞിരപ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ അരുവിത്തുറപള്ളി, സിറ്റി സെന്റർ (പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന) ഭാഗത്തും, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ മുട്ടം ജംഗ്ഷനിലെ താഴത്തെ സ്‌റ്റോപ്പിൽ (പ്രത്യേകം മാർക്ക് ചെയ്തിരിക്കുന്ന) ഭാഗത്തും മാത്രം ആളെ കയറ്റി ഇറക്കുക. ബസ് പാർക്കിംഗ് ബസ് സ്റ്റാന്റിൽ മാത്രം അനുവദിച്ചിട്ടുള്ളതാണ്. പാലാ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ വടക്കേക്കര സ്‌റ്റോപ്പിൽ ആളെ കയറ്റി ഇറക്കേണ്ടതുമാണ്. മുഴുവൻ യാത്രക്കാരും യാത്രക്കായി ബസ് സ്റ്റാന്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുമാണ്.

 8.⁠ ⁠അനുവദിച്ചിരിക്കുന്ന ഓട്ടോ സ്റ്റാന്റുകളിൽ സ്റ്റാന്റ് പെർമിറ്റ് എടുത്ത് ഓട്ടോകൾ പാർക്ക് ചെയ്യേണ്ടതും, ഒരു സ്റ്റാന്റിലെ ഓട്ടോകൾ മറ്റ് സ്റ്റാന്റുകളിൽ മാറി പർക്ക് ചെയ്യുവാൻ പാടില്ലാത്തതും, സെൻട്രൽ ജംഗ്ഷൻ, കുരിക്കൾ നഗർ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലെ ഓട്ടോ കറക്കവും ആളെ കയറ്റലും ഇറക്കലും പൂർണ്ണമായും നിരോധിച്ചിട്ടുളളതുമാണ്.

 9.⁠ ⁠വാഹനങ്ങളുമായി ബന്ധപ്പെട്ട് നഗരസഭ സ്ഥാപിച്ച പാർക്കിംഗ്, നോ പാർക്കിംഗ്, നോ എൻട്രി, ബസ് സ്‌റ്റോപ്പ് ഉൾപ്പെടെയുള്ള ബോർഡുകളിലെ നിർദേശങ്ങളും മറ്റ്ട്രാഫിക് നിബന്ധനകളും മുഴുവൻ ആളുകളും കൃത്യമായും പാലിക്കേണ്ടതും, ലംഘിക്കുന്നവർക്കെതിരെ ഫൈൻ ഉൾപ്പെടെയുളള നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്. 

10.⁠ ⁠മെയിൻ റോഡിൽ ഇരു പാലങ്ങൾക്കുമിടയിൽ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെയും മാർക്കറ്റ് റോഡിലും രാവിലെ 8.00 മണി മുതൽ 11 .00 മണി വരെയും വൈകുന്നേരം 3.00 മണി മുതൽ 5.00 മണിവരെയും ഹെവി വാഹനങ്ങളിൽ ചരക്ക് കയറ്റി ഇറക്കുന്നത് നിരോധിച്ചിരിക്കുന്നു.

ആന്റോ ആന്റണി എം.പി., സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ജില്ലാ കളക്ടർ, കോട്ടയം ജില്ലാ പോലീസ് മേധാവി, കോട്ടയം ആർ.റ്റി.ഒ., നഗരസഭാ ചെയർപേഴ്‌സൺ, കൗൺസിലർമാർ വിവിധ രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര, തൊഴിലാളി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൂട്ടായി എടുത്ത തീരുമാനം പാലിക്കുവാൻ പൊതുജനങ്ങളും, യാത്രക്കാരും, ടൂറിസ്റ്റുകളും, വ്യാപാരികളും, തൊഴിലാളികളും, ബസ് ഉൾപ്പെടെയുളള വാഹന ഉടമകളും സഹകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.

സെപ്റ്റംബർ 12 മുതൽ 27 വരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്‌കാര നടപടികൾ നടപ്പാക്കുകയെന്നും ഗൗരവതരമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ പുനഃപരിശോധനയ്ക്ക് വിധേയമായി ആവശ്യമായ മാറ്റങ്ങൾ വരുത്തി 28 ാം തീയതി മുതൽ തുടർന്ന് പോകുന്നതുമായിരിക്കും.