പ്രാദേശികം

ഈരാറ്റുപേട്ട ഇന്ന് മുതൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിൽ : പ്രഖ്യാപനം ഇന്ന് ഉച്ചക്ക്.

ഈരാറ്റുപേട്ട : സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയായതിന്റെ നേട്ടത്തിൽ  ഈരാറ്റുപേട്ട നഗരസഭ. ഇന്ന് ഉച്ചക്ക് 1.30 ന്  ഫൗസിയ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയായി ഈരാറ്റുപേട്ടയെ പ്രഖ്യാപിക്കും. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പഠിതാക്കൾക്ക് സമ്മേളനത്തിൽ സ്മാർട്ട്‌ ഫോണുകൾ സമ്മാനിച്ച് ആദരിക്കും. പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയ വാളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കോർഡിനേറ്റർമാരെയും ബ്രാൻഡ് അംബാസിഡർമാരെയും സമ്മേളനത്തിൽ ആദരിക്കും.  നാളുകൾ നീണ്ട പരിശീലന പരിപാടികളിലൂടെ ആണ് ഈ നേട്ടത്തിലേക്ക് എത്തിയത്.

നൂറുകണക്കിന് ജനങ്ങൾക്കിടയിൽ ഡിജിറ്റൽ ലോകത്തെ പരിചയപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏറെ ശ്രമകരമായിരുന്നു. അഭ്യസ്തവിദ്യരായ യുവജനങ്ങളും വിവിധ കോളേജുകളിൽ നിന്നുള്ള എൻഎസ്എസ് വിദ്യാർത്ഥികളും പൊതു പ്രവർത്തകരും ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ആണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്. ഡിജിറ്റൽ അറിവ് ഇല്ലാത്ത ആരും നഗരസഭ പരിധിയിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശീലന പരിപാടികൾ. സമ്മേളനത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് സ്വാഗത പ്രസംഗം നടത്തും. സെക്രട്ടറി ജോബിൻ ജോസ് പദ്ധതി വിശദീകരണം നടത്തും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ സുഹാന ജിയാസ് മുഖ്യ പ്രഭാഷണം നടത്തും. വിവിധ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ഫാസില അബ്സാർ, ഷഫ്‌ന അമീൻ, ഫസൽ റഷീദ്, പി എം അബ്ദുൽ ഖാദർ, കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, എസ് കെ നൗഫൽ, അനസ് പാറയിൽ, അബ്ദുൽ ലത്തീഫ് മറ്റു നഗരസഭ വാർഡ് കൗൺസിലർമാർ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ തുടങ്ങിയവർ പ്രസംഗിക്കും.