ഈരാറ്റുപേട്ട: ശനിയാഴ്ച വൈകുന്നേരത്തെ ഏതാനും മണിക്കൂറുകൾ കൊണ്ട് നടത്തിയ ഈ നന്മ നാം അറിയാതെ പോകരുത്. അറുന്നൂറിൽ താഴെ മാത്രം അംഗങ്ങളുള്ള ഒരു ഈരാറ്റുപേട്ട പൗരാവലി എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന ഒരു മെസേജോടെയാണ് തുടക്കം.
പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശിനിയായ ഒരു സഹോദരിയുടെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായ മകളുടെ പരീക്ഷാ ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ അധികൃതർ പരീക്ഷാ ഹാൾ ടിക്കറ്റ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും 49,000 രൂപ ഉടൻ അടക്കണമെന്നുമായിരുന്നു മെസേജ്. ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതി ഈരാറ്റുപേട്ടയിലെ സാമൂഹ്യ പ്രവർത്തകനായ തന്റെ ഒരു മുൻ സഹപാഠിയോട് പങ്കുവെച്ച വിവരങ്ങൾ, സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചറിഞ്ഞ അദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പിൽ അറിയിക്കുകയായിരുന്നു.
പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായിരുന്നു. എന്തു ചെയ്യാൻ കഴിയുമെന്ന ചർച്ചക്കു ശേഷം ഉടൻ തന്നെ ഗ്രൂപ്പിലെ അംഗങ്ങളിൽനിന്ന് കഴിയുന്നത്ര ഫണ്ട് സമാഹരിച്ച് നൽകാമെന്ന തീരുമാനത്തിലെത്തുകയും ഓരോരുത്തരായി തങ്ങളുടെ വിഹിതം കൈമാറുകയും ചെയ്തു. നൂറും ഇരുന്നൂറും 500 ഉം 1000 ഉം 2000 ഉം ഒക്കെയായി പണമെത്തിക്കൊണ്ടിരുന്നു. എത്തുന്ന പണത്തിന്റെ കണക്കുകളും ഗ്രൂപ്പിൽ അവതരിപ്പിച്ചുകൊണ്ടിരുന്നു. വിവരം അറിഞ്ഞവർ പുതിയ ആളുകളെ ഗ്രൂപ്പിലേക്ക് ചേർത്തുകൊണ്ട് അവരും ധനസമാഹരണത്തിൽ പങ്കാളികളാവുകയായിരുന്നു. രാത്രി പത്തരം കഴിഞ്ഞതോടെ ആവശ്യമായ തുക അക്കൗണ്ടിലെത്തിയതോടെ ധനസമാഹരണം നിർത്തിവെക്കുകയും കിട്ടിയ തുക വിദ്യാർഥിനിയുടെ മാതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു.
വലിയൊരു പ്രതിസന്ധിയിൽനിന്ന് കരകയറാൻ എത്രയും വേഗം വഴിയൊരുക്കിയ ഈരാറ്റുപേട്ട പൗരാവലി ഗ്രൂപ്പിനും സഹായിച്ചവർക്കും ഒരുപാട് നന്ദിയുണ്ടെന്ന് കുട്ടിയുടെ മാതാവ് അറിയിച്ചു.