പ്രാദേശികം

*ധാർമ്മിക വിദ്യാഭ്യാസത്തിന് കാലിക പ്രസക്തി വർധിക്കുന്നു: പ്രൊഫ. എ. എം റഷീദ്

ഈരാറ്റുപേട്ട : അനുദിനം വളരുകയും വികസിക്കുകയും ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ മേഖലയിൽ ധാർമ്മിക വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം വർധിച്ചു വരികയാണെന്ന് ഈരാറ്റുപേട്ട എം. ഇ. എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ. എം റഷീദ് പറഞ്ഞു. ഈരാറ്റുപേട്ട തൻമിയ ഇസ്‌ലാമിക് സ്കൂളിൻ്റെ പതിനാലാമത് വാർഷികാഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായിക്കൊണ്ടിരിക്കുന്ന ധാർമ്മികച്യുതിയെ മറി കടക്കാൻ എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളും മൂല്യാധിഷ്ഠിതമാവണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും കരിക്കുലത്തിൽ ധാർമ്മിക പാഠങ്ങൾ ഉൾക്കൊള്ളിക്കപ്പെടുന്നത് ഈയൊരു പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പാൾ ഡോ. അൽമിനാർ സൈനുദ്ദീൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പി. എസ് അബ്ദുൽ കരീം, ഹൈറേഞ്ച് മദ്രസത്തുൽ ഇസ്‌ലാമിയ പ്രിൻസിപ്പാൾ റാസിക് റഹീം, പി.റ്റി.എ പ്രസിഡൻ്റ് പി.എസ് മാഹിൻ, തൻമിയ ഫൗണ്ടേഷൻ സെക്രട്ടറി മുഹമ്മദ് ഷഹീദ് , സ്കൂൾ ഹെഡ് ബോയ് ഉമറുൽ ഫാറൂഖ്, ഹെഡ് ഗേൾ ഹന്ന മർയം എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ എം.കെ കബീർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.