ഈരാറ്റുപേട്ട.'മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി കോട്ടയം എൻഫോഴ്സ്മെന്റ് സ്ക്വാഡും, കോട്ടയം ഹരിത കേരള മിഷൻ, ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സംയുക്ത പരിശോധന ഈരാറ്റുപേട്ടയിൽ നടന്നു. അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലും മറ്റ് സ്ഥാപനങ്ങളിലുമാണ് ശക്തമായ പരിശോധന നടന്നത്. റെയ്ഡിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് മീനച്ചിലാറ്റിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവ തുറന്നു വിടുന്നത് കണ്ടെത്തി.
കൂടാതെ മീനച്ചിലാറിന്റെ തീരത്ത് വളരെയധികം മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതും കണ്ടെത്തി. ലോഡ്ജികളിൽ നിന്ന് കക്കൂസ് മാലിന്യം ഒഴുക്കിയവർക്ക് ആറുമാസം വരെ തടവു ലഭിക്കാവുന്ന രീതിയിലുള്ള നടപടികളും, മാലിന്യം തള്ളിയവർക്ക് 25000 രൂപ പിഴ കൊടുക്കുന്ന രീതിയിലും ആണ് നടപടികൾ സ്വീകരിച്ചത്. കൂടാതെ ഈരാറ്റുപേട്ടയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക് പാത്രങ്ങൾ ഗ്ലാസ്സുകൾ എന്നിവ കണ്ടെത്തി നശിപ്പിക്കുകയും ചെയ്തു. മീനച്ചിലാർ ശുദ്ധീകരിക്കും വരെ വരും ദിവസങ്ങളിലും ഇത്തരത്തിൽ പരിശോധനകൾ തുടരുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെൻറ് അറിയിച്ചു.