ഈരാറ്റുപേട്ട .കെ.എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ലാഭകരമായി സർവ്വീസ് നടത്തുന്ന പാലാ ഈരാറ്റുപേട്ട- തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലാക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. പുതിയ ബസുകളോ , സർവ്വീസുകളോ ലഭിക്കാതെ കോട്ടയം ജില്ലയിൽ ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്ന ഈരാറ്റുപേട്ട ഡിപ്പോക്ക് ഇരുട്ടടിയായിരിക്കും ഈ മാറ്റം. കോവിഡിനു മുമ്പ് 60 ലധികം സർവ്വീസുകൾ ഉണ്ടായിരുന്ന ഈ ഡിപ്പോയിൽ വിവിധ കാരണങ്ങൾ പറഞ്ഞ് നിരവധി സർവ്വീസുകളാണ് കോർപ്പറേഷൻ പിൻവലിച്ചത് . ഇപ്പോൾ 36 സർവീസുകൾ മാത്രമാണ് നിലവിലുള്ളത്.
പാലായിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നതിനാലാണ് തെങ്കാശി ബസ് പാലാ ഡിപ്പോയുടെ കീഴിലാക്കാൻ ശ്രമം നടക്കുന്നത്. ഈ മാനദണ്ഡപ്രകാരമെങ്കിൽ പാല ഡിപ്പോയുടെ കീഴിലുള്ളതും ഈരാറ്റുപേട്ടയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നതുമായ ബസുകൾ ഈരാറ്റുപേട്ട ഡിപ്പോയുടെ കീഴിലാക്കാൻ കോർപ്പറേഷൻ തയാറാകണം. ഈരാറ്റുപേട്ട ഡിപ്പോയുടെ കീഴിലുള്ള ഈരാറ്റുപേട്ട - കോയമ്പത്തൂർ ബസ് കൂടി പാലാ ഡിപ്പോയുടെ കീഴിലാക്കാൻ ശ്രമം നടക്കുന്നതായും കേൾക്കുന്നു
പാലാ ഡിപ്പോയിൽ നിന്ന് നിരവധി ദീർഘദൂര സർവ്വീസുകൾ രാത്രിയിൽ നടത്തുന്നുണ്ട്. ഈ ബസുകളിൽ യാത്ര ചെയ്യുന്നതിന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലേയും സമീപത്തെ 10 പഞ്ചായത്തുകളിലെയുംജനങ്ങൾ സ്വന്തം വാഹനത്തിലും മറ്റും രാത്രിയിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് പാലായിലെത്തേണ്ട ഗതികേടിലാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പരാതിപ്പെട്ടതിനെതുടർന്ന് പാലായിൽ നിന്ന് പുറപ്പെട്ടിരുന്ന അഞ്ചു റൂട്ടുകൾ ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്ന് തുടങ്ങാൻ തീരുമാനിച്ചിരുന്നു. പല തവണ സമ്മർദ്ദം ചെലുത്തിയതിനെതുടർന്ന് ആനക്കട്ടി, കോഴിക്കോട് റൂട്ടിലുള്ള രണ്ട് ബസുകൾ മാത്രമാണ് ഈരാറ്റുപേട്ടയിൽ നിന്ന് തുടങ്ങിയത്. ഈ ബസുകൾ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് വിട്ടു നൽകാൻ തയറാകാത്ത സാഹചര്യത്തിൽ തന്നെയാണ് ഇവിടെ നിന്നുള്ള പരിമിതമായ ബസുകൾ മാറ്റാൻ ശ്രമിക്കുന്നത്.
തെങ്കാശി, കോയമ്പത്തൂർ റൂട്ടുകൾ പാലാ ഡിപ്പോയുടെ കീഴിലാക്കാനുള്ള ശ്രമത്തിൽ നിന്ന് അധികാരികൾ പിന്തിരിയണമെന്നും ഈരാറ്റുപേട്ട ഡിപ്പോയിൽ പുതിയ ബസുകളും റൂട്ടുകളും അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
പാലായിൽ നിന്ന് പുറപ്പെടുന്ന താഴെപ്പറയുന്ന ബസുകൾ ഈരാറ്റുപേട്ടയിൽ നിന്ന് പുറപ്പെട്ടാൽ കൂടുതൽ ലാഭകരമാക്കാം. - ഈരാറ്റുപേട്ട -പാലാ -വൈറ്റില ഫാസ്റ്റ് പാസഞ്ചർ,പാലാ '- കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ പാലാ - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ ,പാലാ ബാംഗ്ലൂർ സൂപ്പർ ഡീലക്സ് ബസ് എന്നീ സർവ്വീസുകൾ ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.