ഈരാറ്റുപേട്ട: പഞ്ചായത്ത് ആയിരുന്ന കാലത്ത് ഭരണ സമിതിയെ അറിയിക്കാതെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പകരമായി വേറെ ഭൂമി നൽകാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫ് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദറിനും നഗരസഭാ സെക്രട്ടറിക്കും നൽകിയ നിവേദനത്തെ തുടർന്ന് ഈ വിഷയം വ്യാഴാഴ്ച കൂട്ടിയ നഗരസഭ കൗൺസിൽ ചർച്ച ചെയ്യുകയും ഇതു സംബന്ധിച്ച് ഉടൻ തന്നെ പ്രത്യേക കൗൺസിൽ ചേരാൻ തീരുമാനിക്കുകയും ചെയ്തു
ക്രമവിരുദ്ധമായ ഈ ഭൂമി കൈമാറ്റം അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്.1994 ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാമും ഈരാറ്റുപേട്ട നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ളതാണ്. എന്നാൽ പന്നിഫാം സ്ഥിതി ചെയ്യുന്ന 24.30 ആർ (60 സെന്റ്) സ്ഥലം റവന്യൂ (എ) വകുപ്പിന്റെ (എം.എസ്) നമ്പർ 330/05/റവന്യൂ തീയതി 24/10/2005 ലെ സർക്കാർ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ടയിൽ കോടതി സമുച്ചയം പണിയുന്നതിന് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനം അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോ പഞ്ചായത്ത് വകുപ്പോ അറിഞ്ഞിട്ടില്ലായെന്നാണ് നിവേദനത്തിൽ ചൂണ്ടി കാണിച്ചത്.
അതു കൊണ്ട് നഗരസഭക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തുരുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റീ സർവ്വേ 66/1 ലെ സർക്കാർ വസ്തുവിലെ 60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്നും ക്രമ വിരുദ്ധമായി നഗരസഭാ ഭൂമി കൈമാറിയ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്.