ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഏരിയകളുടെ സംയുക്ത മേഖലാ പ്രവർത്തക കൺവെൻഷൻ അൽമനാർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്.എ. റസാഖ് ഖുർആൻ ദർസ് നടത്തി.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമോഫോബിയക്കൊപ്പം ജമാഅത്ത് ഫോബിയയും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ മുന്നിൽനിർത്തിയാണ് ഇതിനുള്ള ശ്രമമെന്ന് അബ്ദുൽ ഹക്കീം നദ്‌വി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ തണലിൽ സംഘ്പരിവാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ വഴിയേയാണ് കേരളവും ഇപ്പോൾ നടക്കുന്നത്. ഇസ്ലാമോഫോബിയ ആളിക്കത്തിച്ച് അധികാരം നിലനിർത്താനാണ് ഇരുകൂട്ടരുടേയും ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന പ്രതിനിധി ഷംസുദ്ദീൻ നദ്‌വി വിവരിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ ജനറൽ സെക്രട്ടറി ഫാത്തിമ മർജാൻ തിരുവനന്തപുരത്ത് ഡിസംബറിൽ നടക്കുന്ന ജി.ഐ.ഒ ദക്ഷിണ മേഖലാ സമ്മേളനത്തെക്കുറിച്ച് വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് സാദിഖലി സ്വാഗതവും ജില്ലാ സെക്രട്ടറി പി.എസ്. അഷ്‌റഫ് സമാപനവും പ്രാർഥനയും നിർവഹിച്ചു.