കേരള മീഡിയ അക്കാദമി ഹയർസെക്കന്ററി-കോളേജ് വിദ്യാർത്ഥികൾക്കായി പലസ്തീന്‍ വിഷയം അടിസ്ഥാനമാക്കി സംഘടിപ്പിച്ച വാർത്താവതരണ മത്സരത്തിൽ രണ്ടു പേർക്ക് സമ്മാനം. കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിലെ മുൻ വിദ്യാർത്ഥിനി മിനാ മറിയം നവാസ് ഒന്നാം സമ്മാനത്തിന് അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മെയിന്‍സ്ട്രീം വാര്‍ത്ത വായനക്കാരെപ്പോലും മറികടക്കുന്ന തരത്തിലുള്ള വാര്‍ത്താവരണമാണ് മിനായെ ഒന്നാംസമ്മാനത്തിന് അർഹയാക്കിയത്.
മഞ്ചേരി നോബിൾ വുമൺസ് കോളേജ് ബി.എസ്.സി രണ്ടാംവർഷ സുവോളജി വിദ്യാർത്ഥിനി ഷഹ്മ കെ പിയെ രണ്ടാം സ്ഥാനത്തേക്കും തിരഞ്ഞെടുത്തു. 7000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പലസ്തീൻ വിഷയം കേന്ദ്രമാക്കി അഞ്ച് മിനിറ്റിൽ കുറയാത്ത വാര്‍ത്താ ബുള്ളറ്റിന്‍ തയ്യാറാക്കി അവതരിപ്പിച്ച് അയക്കുക എന്നതായിരുന്നു മത്സരം. കേരള മീഡിയ അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോ. മീനാ ടി പിള്ള, മുതിർന്ന മാധ്യമപ്രവർത്തകൻ പി വി മുരുകൻ എന്നിവർ അംഗങ്ങളായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. പാലാ ബ്രില്ല്യന്റ്സിൽ എൻട്രൻസ് കോച്ചിംഗിന് പഠിച്ചുകൊണ്ടിരിക്കുകയാണ് മിന ഇപ്പോൾ.