കോട്ടയം: പൗരൻമാരുടെ സമാധാന ജീവിതവും അവസര സമത്വവും, ഉറപ്പു വരുത്തി ഭരിക്കാൻ ബാധ്യസ്ഥമായ ഭരണകൂടം മതത്തിൻ്റെ പേരിൽ മാത്രം സംസാരിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യാൻ തുനിഞ്ഞിറങ്ങിയതാണ് സമകാലിക ഇന്ത്യ ഇന്ന് അനുഭവിക്കുന്നസകല പ്രശ്നങ്ങൾക്കും കാരണമെന്ന് ഐ.എൻ.എൽ ദേശീയ സമിതി അംഗം സിപി അൻവർ സാദത്ത് പറഞ്ഞു.
മതംകൊണ്ട് രാഷ്ട്രീയം കളിച്ച നാടുകളെല്ലാം ആഭ്യന്തര ശൈഥില്യത്തിൽ തകർന്ന് തരിപ്പണമായതാണ് ലോകത്തിൻ്റെ അനുഭവം. ഐ.എൻ.എൽ മെമ്പർഷിപ്പ് ക്യാംമ്പയിനിൻ്റെ ഭാഗമായി കോട്ടയത്ത് ചേർന്ന ഐഎൻഎൽ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎൻഎൽ ജില്ലാപ്രസിഡൻ്റ് ജിയാഷ് കരീം അധ്യക്ഷത വഹിച്ചു.
മെയ് പതിനഞ്ച് മുതൽ മുപ്പതുവരെയാണ് അംഗത്വ വിതരണം. ജൂൺ അഞ്ച് വരെ വാർഡ് , ശാഖാ കമ്മിറ്റികളുടെയും, പത്തിനകം പഞ്ചായത്ത് നഗരസഭ കമ്മിറ്റികളുടെയും, ഇരുപതിനകം മണ്ഡലം കമ്മിറ്റികളുടെയും, മുപ്പതിനകം ജില്ലാ കമ്മിറ്റികളുടെയും രൂപീകരണം പൂർത്തിയാക്കി ജുലൈ പതിനഞ്ചിന് സംസ്ഥാന കമ്മിറ്റി നിലവിൽവരും. ഈ മാസം ഇരുപത്തി അഞ്ചിനകം ജില്ലയിലെ എല്ലാ മണ്ഡലം കൺവെൻഷനുകളും ചേരും. സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് പട്ടരുപറമ്പിൽ, ജില്ലാ ഭാരവാഹികളായ കെഎച്ച് സിദ്ധീഖ്, കുഞ്ഞിമുഹമ്മദ് നാലു പുറം, ഹസൻകുഞ്ഞ്, റഷീദ് പുളിമൂട്ടിൽ, ബഷീർകൊല്ലാക്കൽ എന്നിവർ പ്രസംഗിച്ചു.