ഈരാറ്റുപേട്ട : നടക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫൗസിയ കോളേജ് ഓഫ് ആർട്സ് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ശനി രാവിലെ 9 മണിക്ക് നടക്കുന്ന മാനവികതയുടെ പ്രവാചകൻ മെഗാ ക്വിസ്'24 ൻ്റെ ലോഗോ പ്രകാശനം അജ്‍മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹാജി അബ്ദുൽ ഖാദർ കണ്ടെത്തിൽ നിർവഹിച്ചു. ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി ഏറ്റുവാങ്ങി. ഫൗസിയ ട്രസ്റ്റ് ജന. സെക്രട്ടറി പി എം മുഹമ്മദ് ആരിഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ടയിലെ വിവിധ കലാലയങ്ങളെ പ്രതിനിധീകരിച്ച് പ്രൊഫസർ എ.എം. റഷീദ്, സുഹൈൽ ഫരീദ്, അബ്ദുറഊഫ് നദ്‌വി, ഹാഷിം പുളിക്കീൽ, അബ്ദുൽ ഷുക്കൂർ പാറയിൽ, മാഹിൻ ചായിപറമ്പിൽ, റാഫി പുതുപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും 21 വയസ്സ് വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഈ മത്സരത്തിൽ വിജയികൾക്ക് മികച്ച സമ്മാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 25000 രൂപ ഒന്നാം സമ്മാനവും 15,000 രൂപ രണ്ടാം സമ്മാനവും പതിനായിരം രൂപ മൂന്നാം സമ്മാനവും അവസാന റൗണ്ടിൽ പ്രവേശിക്കുന്ന 10 ടീമുകൾക്കും 2000 രൂപ വീതവും നൽകുന്നതാണ്. ലോകത്തിന് നന്മ പകർന്ന മതാചാര്യന്മാരെ അപകീർത്തിപ്പെടുത്തുന്ന ഈ കാലത്ത് അവരുടെ ജീവിത സന്ദേശം സുതാര്യമായി ജനങ്ങളിലേക്ക് പകർന്നു നൽകലാണ് ഈ പരിപാടിയുടെ ലക്ഷ്യം എന്ന് ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസിമി വിശദീകരിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതും മത്സരത്തിനു വേണ്ടി പ്രത്യേകമായി തയ്യാറാക്കപ്പെട്ടിരിക്കുന്ന ഗൂഗിൾ ഫോം ഒക്ടോബർ അഞ്ചിന് മുമ്പായി കൃത്യമായി പൂരിപ്പിച്ച് അയക്കേണ്ടതുമാണ്. ഈ മത്സരത്തിൽ പ്രമുഖ പണ്ഡിതൻ സയ്യിദ് അബുൽ ഹസൻ അലി നദ്‌വി യുടെ കാരുണ്യത്തിന്റെ തിരുദൂതർ എന്ന ഗ്രന്ഥം അവലംബിക്കുന്നതാണ്. ഓൺലൈൻ പോസ്റ്ററിൽ തയ്യാറാക്കിയിരിക്കുന്ന ക്യു ആർ കോഡിലൂടെ മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. 8075601883, 9037462233.
യോഗത്തിന് മുഹമ്മദ് ഹാഷിം ദാറുസ്സലാം സ്വാഗതവും ഹാഷിർ നദ്‌വി നന്ദിയും അറിയിച്ചു.