പ്രാദേശികം

പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു

ഈരാറ്റുപേട്ട: പള്ളിയിൽ മോഷണം നടത്തിയയാളെ മറ്റൊരു പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപിച്ചു. ഇയാളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കൊല്ലായി കിഴക്കുകര പുത്തൻവീട്ടിൽ അയൂബാണ് (57) അറസ്റ്റിലായത്. 

വ്യാഴാഴ്ച ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന രണ്ടായിരം രൂപയും എ.ടി.എം കാർഡും ഡ്രൈവിംഗ് ലൈസൻസും ഇയാൾ മോഷ്ടിച്ചിരുന്നു. 

ഈരാറ്റുപേട്ട പോലീസ് പരാതി പ്രകാരം കേസെടുത്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വൈകുന്നേരം ഇയാളെ കാരയ്ക്കാട് പള്ളിയിൽനിന്ന് നാട്ടുകാർ പിടികൂടി വിവരം പോലീസിൽ അറിയിച്ചത്. 

മോഷണം സംബന്ധിച്ച് പള്ളി ഇമാമുമാരുടെ ഗ്രൂപ്പിൽ വന്ന മെസേജ് കാരക്കാട് പള്ളി അസിസ്റ്റന്റ് ഇമാം സിദ്ദീഖുൽ അക്ബർ വാട്സാപ്പിൽ കണ്ടുകൊണ്ടിരിക്കെയാണ് ഇയാൾ കാരക്കാട് പള്ളിയിലെത്തിയത്. ഇമാം അറിയിച്ചതനുസരിച്ച് നാട്ടുകാരെത്തെ തടഞ്ഞു വെച്ച് പരിശോധിച്ചപ്പോൾ ജീലാനി പള്ളി ഇമാമിന്റെ എ.ടി.എം കാർഡ് ഉൾപ്പെടെയുള്ളവ ഇയാളിൽനിന്ന് കണ്ടെടുത്തു. തുടർന്ന് പോലീസിൽ അറിയിച്ചതനുസരിച്ച് ഈരാറ്റുപേട്ട പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.