ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികളിലെയും കുട്ടികൾക്ക് കുടകൾ വിതരണം ചെയ്യുന്നു. ആകെ 258 അംഗൻവാടികളിലായി പഠിക്കുന്ന 1800 ഓളം കുട്ടികൾക്കാണ് കുടകൾ വിതരണം ചെയ്യുന്നത്. നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും , പ്രത്യേകം ചടങ്ങുകൾ സംഘടിപ്പിച്ച് പഞ്ചായത്ത് തല ചടങ്ങുകളിൽ വച്ച് അംഗൻവാടി പ്രവർത്തകർ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ഓരോ അംഗൻവാടിയിലെയും കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ കുടകൾ എം.എൽ.എയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങും. തുടർന്ന് ഓരോ അംഗൻവാടികളിലും സംഘടിപ്പിക്കുന്ന ചടങ്ങിൽ അതാത് വാർഡ് മെമ്പർമാർ കുട്ടികൾക്ക് കുട കൈമാറും.
കുട വിതരണത്തിന്റെ നിയോജകമണ്ഡലം തല ഉദ്ഘാടനം പതിനെട്ടാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. തുടർന്ന് അന്നേദിവസം 11 മണിക്ക് തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളിലും, 12.15 ന് തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിലും, 2 മണിക്ക് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിലും, 3 മണിക്ക് ഈരാറ്റുപേട്ട വ്യാപാരഭവൻ ഹാളിലും അതാത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ അംഗൻവാടികളിലെ കുട്ടികൾക്കുള്ള കുടകൾ അംഗൻവാടി അധികൃതർക്ക് കൈമാറും. തുടർന്ന് പത്തൊൻപതാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിലും, 11മണിക്ക് കോരുത്തോട് ഗ്രാമപഞ്ചായത്ത് ഹാളിലും, 12.15 ന് എരുമേലി റോട്ടറി ക്ലബ് ഹാളിലും, ഉച്ചകഴിഞ്ഞ് 2 മണിക്ക് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളിലും, 3 മണിക്ക് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിലും പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രദേശത്തുള്ള അംഗൻവാടി കുട്ടികൾക്കുള്ള കുടകൾ കൈമാറും.ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനിതാ- ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ,സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.