ഈരാറ്റുപേട്ട: സംസ്ഥാനത്ത് മത വിദ്വേഷം പരത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന കാസ (ക്രിസ്ത്യൻ അസോസിയേഷൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ)ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് മുസ്ലിം യൂത്ത് ലീഗ് പരാതി നൽകി. വിദേശ രാജ്യങ്ങളിൽ നടക്കുന്നതാണെന്ന തരത്തിൽ വർഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മത സൗഹൃദം തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു.
നേരത്തെ മുസ്ലിം യൂത്ത് ലീഗ് ഇതിനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസ ഭാരവാഹികൾ പോലീസ് സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ മുമ്പാകെ സത്യവാങ്‌മൂലം നൽകിയതാണെന്നും എന്നാൽ തുടർച്ചയായി കേരളത്തിൽ മൊത്തം പലഭാഗങ്ങളിലും ഇവർ സംഘടന രൂപീകരിച്ച് മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിവരികയാണെന്നും പരാതിയിൽ പറയുന്നു.
മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യഹ്‍യ സലീം, സെക്രട്ടറി മുഹമ്മദ് ഷിഹാബ് എന്നിവരാണ് പരാതി നൽകിയത്.
പരാതിയുടെ രൂപം:
മതവിദ്വേഷം പരത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ നൽകുന്നതും വർഗ്ഗീയ കലാപം ഉണ്ടാക്കുന്ന രീതിയിലും വിവിധ മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന രീതിയിലും CASA (Christian Association Alliance For Social Action) കണ്ണൂർ ഡിസ്ട്രിക്‌ട് കമ്മറ്റി ഓഫീഷ്യൽ എന്ന ഫെയ്‌സ് ബുക്ക് പേജിൽ വരികയും വിദേശ രാജ്യങ്ങളിൽ നടക്കുന്നതാണെന്ന തരത്തിൽ വർഗീയ കലാപങ്ങളുടെയും അക്രമങ്ങളുടെയും ഫോട്ടോകളും വീഡിയോകളും കേരള മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മത സൗഹൃദം തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളാണ് ഈ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മുൻ കാലങ്ങളിൽ ഇത്തരം പ്രചാരണങ്ങൾ ടി സംഘടന നടത്തിയപ്പോൾ ഇതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മറ്റി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈ പരാതിയിന്മേൽ അവരെ വിളിപ്പിച്ച് ഇനി ആവർത്തിക്കുകയില്ല എന്ന് CASA സംഘടനയുടെ ഭാരവാഹികൾ ഈരാറ്റുപേട്ട SHO മുമ്പാകെ സത്യവാങ്‌മൂലം നൽകിയതുമാണ്. എന്നാൽ തുടർച്ചയായി കേരളത്തിൽ മൊത്തം പലഭാഗങ്ങളിലും ഇവർ സംഘടന രൂപീകരിച്ച് മത വിദ്വേഷം നടത്തുന്ന രീതിയിലുള്ള പരാമർശം നടത്തിവരികയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും CASA എന്ന സംഘടനയുടെ കെവിൻ പീറ്റർ എന്ന ആളെ ചോദ്യം ചെയ്യണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.