ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു സമരം ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന മുദ്രയായ പൊതു ഗതാഗത സംവിധാനം ലാഭ നഷ്ടം നോക്കി പ്രവർത്തിക്കേണ്ടതല്ലെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ജനങ്ങൾക്ക് എന്നും ഉപകാരപ്പെടേണ്ടതാണ്. കെ.എസ്.ആർ.ടി.സിയുടെ വിവിധ മേഖലകളിൽ വികസനം കൊണ്ടുവരുമ്പോൾ ഈരാറ്റുപേട്ട ഡിപ്പോയെമാത്രം അവഗണിച്ച് മാറ്റി നിർത്തുന്നതിന്റെ ഉത്തരവാദിത്തം ഭരണത്തിലിക്കുന്ന എം.എൽ.എ ഉൾപ്പെടെയുള്ളവർക്കാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. സാജിദ് സ്വാഗതം പറഞ്ഞു.
മണ്ഡലം സെക്രട്ടറി യൂസുഫ് ഹിബ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ഫൈസൽ കെ.എച്ച് മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഷാജഹാൻ ആത്രച്ചേരി, ഈരാറ്റുപേട്ട മുനിസിപ്പൽ കൗൺസിലർമാരായ എസ്.കെ. നൗഫൽ, സഹ്‌ല ഫിർദൗസ്, സാമൂഹ്യ പ്രവർത്തകൻ മന്തയിൽ സൈനുല്ലാബ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, സെക്രട്ടറി അൻസാരി, ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), സഫീർ കുരുവിനാൽ (എസ്.ഡി.പി.ഐ), റഷീദ് വടയാർ (യൂത്ത് കോൺഗ്രസ്), ഹാരിസ് സ്വലാഹി, ഒ.ഡി. കുര്യാക്കോസ്, അവിനാഷ് മൂസ, ഹാഷിം പുളിക്കീൽ തുടങ്ങിയവർ സംസാരിച്ചു.