ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിലെ ആദ്യത്തെ സ്കൂളായി 1912 ൽ സ്ഥാപിതമായ ഗവ.ഹൈസ്കൂൾ അറിവിൻ്റെ പൊൻ വെളിച്ചം പകർന്ന് നൽകി തലയെടുപ്പോടെ മുന്നേറുകയാണ്.നാടിൻ്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ ഈ വിദ്യാലയ മുത്തശ്ശിക്ക് പുതിയ ബഹുനില മന്ദിരം കൂടി ലഭിക്കുന്നത് നാടിനാകെ ആഘോഷമാണ്.ആരോഗ്യ വിദ്യാഭ്യാസ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആയിരക്കണക്കിന് പേരാണ് ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ചത്.
1997 ൽ ഗവണ്മെൻ്റ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.പൊതു വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റത്തോടൊപ്പം സ്കൂളും വിജയത്തിൻ്റെ പടവുകൾ കയറി.ഹൈ ടെക് ക്ലാസ് മുറികൾ,നവീകരിച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ലാംഗ്വേജ് ലാബ്,ടോയ്‌ലറ്റ് സമുച്ചയം തുടങ്ങി സമഗ്രമായ വികസനത്തിൻ്റെ പാതയിലാണ് സ്കൂൾ.കഴിഞ്ഞ 12 വർഷം തുടർച്ചയായി എസ് എസ് എൽ സി ക്ക് നൂറ് ശതമാനമാണ് വിജയം.കലാ കായിക രംഗത്തും മികച്ച നേട്ടങ്ങളാണ് ഈ സ്കൂളിനുള്ളത്.
കിഫ്ബി ഫണ്ടുപയോഗിച്ച് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഒക്ടോബർ അഞ്ചിന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.ഉദ്ഘാടനത്തോടനുബന്ധിച്ച് രാഷ്ട്രീയ,സാമൂഹിക മേഖലകളിലെ പ്രഗൽഭരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വിപുലമായ പരിപാടികളാണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്.
പ്രാദേശികം