ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിലുള്ള എം.എൽ.എ എക്സലൻസ് അവാർഡ് ദാനം നാളെ നടക്കും. ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയുമാണ് ആദരിക്കുന്നത്. നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 2 മണിക്ക്
അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും മറ്റ് പ്രതിഭകളോടുമൊപ്പം വയനാട് ദുരന്തത്തിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത് 30ലധികം മൃതദേഹങ്ങൾ കണ്ടെടുക്കുകയും, എല്ലാ മേഖലകളിലും സ്തുത്യർഹമായ രക്ഷാ ദൗത്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത ഈരാറ്റുപേട്ടയിലെ റെസ്ക്യൂ ടീമുകൾ ആയ നന്മക്കൂട്ടം, ടീം എമർജൻസി എന്നീ റെസ്ക്യൂ ടീം അംഗങ്ങളെയും ആദരിക്കും. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐ.എ.എസ് അവാർഡുകൾ വിതരണം ചെയ്യും. നിയോജകമണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷരും, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും ആശംസകൾ അർപ്പിക്കും