ഈരാറ്റുപേട്ട: ഓര്‍മകളുടെ വേലിയറ്റത്തില്‍ 44 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ പഴയ സഹപാഠികള്‍ക്ക് വീണ്ടും മനസില്‍ ചെറുപ്പം. അരുവിത്തുറ സെന്റ് ജോര്‍ജസ് കോളജിലെ 1978-80 ബാച്ച് പ്രീഡിഗി സെക്കന്‍ഡ് ഗ്രൂപ്പ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം വീണ്ടും അരുവിത്തുറയില്‍ സമ്മേളിച്ച് ഓര്‍മകള്‍ പുതുക്കിയത്. അറുപതു പിന്നിട്ട പഴയ വിദ്യാര്‍ഥികള്‍ ജോലിയും കുടുംബജീവിതവുമായി നാനാതുറകളില്‍ ലോകമെങ്ങും വിജയം നേടിയതിലെ സന്തോഷവും കൂട്ടായ്മയില്‍ ആരും മറച്ചുവച്ചില്ല.
1978ല്‍ സ്‌കൂള്‍ വിട്ട് കോളജിന്റെ പടി കടന്നെത്തിയവര്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം സംസാരിക്കാന്‍ പോലും കര്‍ശന നിയന്ത്രണങ്ങളുണ്ടായിരുന്ന പഴയ കാലത്തെക്കുറിച്ചായിരുന്നു പലരും വാചാലരായത്. അക്കാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക വരാന്തകളായിരുന്നു. പഠന കാര്യങ്ങള്‍ക്കും പോലും പരസ്പരം ചര്‍ച്ച ചെയ്യാന്‍ ഭയമായിരുന്നുവെന്നത് ഇന്നത്തെ കുട്ടികള്‍ക്കും സ്വന്തം മക്കള്‍ക്കും പോലും മനസിലാകില്ല. അച്ചടക്കത്തിനു കോളജ് നല്‍കിയ പ്രധാന്യം അക്കാലത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ പുതുമയുള്ളതായിരുന്നില്ലെന്നു പൂര്‍വ വിദ്യാര്‍ഥി സംഗമത്തിനെത്തിയവര്‍ പറഞ്ഞു.
അരുവിത്തുറ കോളജില്‍ നിന്നു പഠിച്ചിറങ്ങി 44 വര്‍ഷത്തിനു ശേഷം ആദ്യമായി ചേര്‍ന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ജോര്‍ജ് കള്ളിവയലില്‍, തോമസ് കണിയാംപടിക്കല്‍, അബ്ദുള്‍ സലാം, സാവിയോ വെട്ടിക്കന്‍, സി.എന്‍. സുരേന്ദ്രന്‍, ഡയാന വിന്‍സെന്റ്, പി.എന്‍. ജയശ്രീ, സി.ആര്‍. രാധാമണി, ഷിബു ജോസഫ്, സി.എച്ച്. ഷാനവാസ്, മേരിയമ്മ തോമസ്, ജാന്‍സി സണ്ണി, റെജി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 1980ല്‍ എടുത്ത ക്ലാസ് ഗ്രൂപ്പ് ഫോട്ടോ മുതല്‍ ഓട്ടോഗ്രാഫുകള്‍ വരെ നേരിയ കേടുപാടു പോലുമില്ലാതെ സൂക്ഷിച്ചുവച്ചിരുന്ന ചില സഹപാഠികളുടെ നന്മ കൂട്ടായ്മയ്‌ക്കെത്തിയ എല്ലാവരിലും ആവേശം പകര്‍ന്നു.
പ്രാദേശികം