ഈരാറ്റുപേട്ട: വഖഫ് നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മദ്രസകൾക്കെതിരെയുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ടും നാളെ (വെള്ളി) വൈകിട്ട് 5 ന് ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈനാർ മസ്ജിദ് അൽ മദീനാ സമുച്ചയത്തിനു സമീപം പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.സാമൂഹ്യ സുരക്ഷയും സാധുസംരക്ഷണവും കുടുംബ ഭദ്രതയും ലക്ഷ്യംവച്ചു കൊണ്ട് ദൈവപ്രീതിക്കായി ദാനം ചെയ്യപ്പെട്ട വസ്തുക്കൾ സംരക്ഷിക്കുന്നതിനായി 1913 ൽബ്രീട്ടീഷ് അധിനിവേശകാലത്ത് നിലവിൽവന്നതും, സ്വാതന്ത്ര്യത്തിനു ശേഷം 1954 ൽ ഇന്ത്യൻ പാർലമെൻറ് പാസാക്കിയതുമാണ് വഖഫ് നിയമങ്ങൾ. 1964, 1969, 1984, 1995 വർഷങ്ങളിൽ ഭേദഗതി ചെയ്യപ്പെടുകയും 2006 ൽ നിയമിക്കപ്പെട്ട സംയുക്ത പാർലമെൻററി സമിതിയുടെ ശുപാർശ പ്രകാരം 2013 ൽ സമഗ്രമായി പൂർത്തീകരിക്കപ്പെട്ടതുമായ നിയമമാണ് ഇപ്പോൾ ഇന്ത്യയിൽ പ്രാബല്യത്തിലുള്ളത്.
10 വർഷക്കാലം ഒന്നും രണ്ടും മോദിസർക്കാരുകൾ നിശബ്ദമായി അംഗീകരിച്ചതും യാതൊരു സാമൂഹ്യ വിപത്തുകളുമില്ലാതെ രാജ്യത്തുനിലനിന്നതുമായ വഖഫ് നിയമങ്ങൾ 11 വർഷങ്ങൾ പിന്നിട്ടപ്പോൾ ഭേദഗതിയ്ക്കു വിധേയമാക്കിയതിനു പിന്നിലെ നിക്ഷിപ്ത താൽപര്യങ്ങൾ ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു.ദാനംചെയ്യപ്പെട്ട വസ്തുക്കൾ കയ്യേറി, കുറുക്കുവഴികളിലൂടെ ദാതാക്കളുടെ പിൻഗാമികളെ പ്രലോഭിപ്പിച്ചും മറ്റും നിയമവിധേയമാക്കാൻ ശ്രമിച്ചു സ്വന്തമാക്കിയ ആളുകളുടെ സംരക്ഷണത്തിനാണ് ഭേദഗതിനിയമം വന്നിട്ടുള്ളതെന്ന യാഥാർത്ഥ്യം പകൽ പോലെ വ്യക്തമായിക്കഴിഞ്ഞു.
ഈ പ്രശ്നത്തെ വർഗ്ഗീയവൽക്കരിച്ച് , സാമുദായിക സ്പർധ വളർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന കപടമതേതരവാദികളുടെ വലയിൽ കുടുങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.സുബൈർ മൗലവിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രതിഷേധസംഗമം ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്യും. അഷറഫ് കൗസരി, അലി ബാഖവി എന്നിവർ പ്രസംഗിക്കും.പ്രതിഷേധ സംഗമത്തിൻറെ വിജയത്തിനായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് മുഹമ്മദ് സക്കീർ, മുഹിയദ്ദീൻ മസ്ജിദ് മഹല്ല് പ്രസിഡൻറ് അഫ്സാർ പുള്ളോലിൽ, പുത്തൻപള്ളി ജമാഅത്ത് പ്രസിഡൻറ് മുഹമ്മദ് സാലിഹ് എന്നിവർ അഭ്യർത്ഥിച്ചു.