പ്രാദേശികം

നാടിന്റെ വൃത്തി തകർന്നാൽ പ്രകൃതി ദുരന്തം : എംഎൽഎ

ഈരാറ്റുപേട്ട : ശുചിത്വവും വൃത്തിയും വ്യക്തിജീവിതത്തിൽ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് മാറേണ്ടത് അനിവാര്യമാണെന്നും സ്വന്തം വൃത്തി എന്നത് നാടിന്റെ ശുചിത്വമാണെന്ന് തിരിച്ചറിയണമെന്നും എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിനെ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടും വിഷമാണ്. അതിനെ കൃത്യമായി പുനരുപയോഗങ്ങൾക്ക് മാറ്റിയില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരും.

ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നത് വലിയ തെറ്റാണെന്ന് പറയുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതി നശിക്കാൻ അവസരമൊരുക്കുകയാണെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക്‌ പരിധിയിൽ മികച്ച നിലയിൽ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും യോഗത്തിൽ പുരസ്‌കാരങ്ങൾ നൽകി എംഎൽഎ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷയായിരുന്നു. മേലുകാവ്, തലപ്പലം, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജോസുകുട്ടി ജോസഫ്, ആനന്ദ് ജോസഫ്, രജനി സുധാകരൻ, ഗീതാ നോബിൾ, ജോർജ് മാത്യു, കെ സി ജെയിംസ്, സ്കറിയ ജോർജ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷരായ മെഴ്‌സി മാത്യു, ബിന്ദു സെബാസ്റ്റ്യൻ, ബി അജിത് കുമാർ, ബ്ലോക്ക്‌ ഡിവിഷൻ അംഗങ്ങളായ ജോസഫ് ജോർജ്, രമ മോഹൻ, ഓമന ഗോപാലൻ, മിനി സാവിയോ, ആർ ശ്രീകല, ജെറ്റോ ജോസ്, പഞ്ചായത്ത്‌ ജില്ലാ അസി. ഡയറക്ടർ കെ ബാബുരാജ്, ബ്ലോക്ക്‌ സെക്രട്ടറി ഇൻ ചാർജ് സാം ഐസക് എന്നിവർ പ്രസംഗിച്ചു.